തിരുവനന്തപുരം :- രണ്ടാം പിണറായി മന്ത്രിസഭയുടെ നാലാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഒരുങ്ങുന്നു. ഏപ്രിൽ, മെയ് മാസങ്ങളിലായി തദ്ദേശ സ്വയംഭരണ സ്ഥാപനതലം മുതൽ സംസ്ഥാനതലം വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തും. ഏപ്രിൽ 21 ന് കാസർകോട് നിന്ന് ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ പര്യടനം മെയ് 21 ന് തിരുവനന്തപുരത്ത് സമാപിക്കും. വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും അതത് മേഖലകളിലെ പ്രമുഖ വ്യക്തികളുടെയും സംഗമം നടത്തും.
സർക്കാരിന്റെ സുപ്രധാന പദ്ധതികളും വികസന മുന്നേറ്റങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാതല പ്രദർശനങ്ങളും വിപണന മേളകളും സംഘടിപ്പിക്കും.സംസ്ഥാന തലത്തിൽ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ യുവജനങ്ങളുമായും വനിതാവികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുമായും എസ്.സി/എസ്.ടി വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുമായും സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ വിദ്യാർത്ഥികളുമായും സയൻസ് & ടെക്നോളജി വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രൊഫഷണലുകളുമായും ചർച്ച നടത്തും.
പ്രദർശനങ്ങൾക്ക് പുറമെ ചർച്ചകൾ, കായിക മത്സരങ്ങൾ തുടങ്ങി മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിക്കും. പരിപാടികൾക്ക് ജില്ലാതല സംഘാടക സമിതികൾ ഉണ്ടാകും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ ചെയർമാനും ജില്ലാ കളക്ടർ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ആവശ്യമായ മാർഗനിർദ്ദേശങ്ങളും തുടർ നടപടികളും സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഭരണ നേട്ടങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളിൽ പുരോഗമിക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് തടസ്സങ്ങളുണ്ടങ്കിൽ കണ്ടെത്തി പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ നടത്തും.