കണ്ണൂർ :- ട്രെയിൻ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ മൂന്നുപേർ കണ്ണൂർ ആർപിഎഫിൻ്റെ പിടിയിലായി. ഇവരിൽ നിന്ന് അരലക്ഷം രൂപയിലേറെ വിലവരുന്ന ടിക്കറ്റുകൾ പിടിച്ചെടുത്തു. ബംഗാൾ ഈസ്റ്റ് മിഡ്നാപുർ സ്വദേശികളായ മിറാജ് സാബറ്റ് ബേഗ് (24), എസ്.കെ മൊജൈദ് (19), ഒഡീഷ ബാലസോർ സ്വദേശി എസ്.കെ ഇന്താറുദ്ദീൻ (28) എന്നിവരാണ് പിടിയിലായത്.
തത്കാൽ ടിക്കറ്റുകളും മറ്റു ടിക്കറ്റുകളും ബുക്ക് ചെയ്ത് 2000 രൂപ മുതൽ അധികം ഈടാക്കി വിൽക്കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ നവീൻ പ്രശാന്തിൻ്റെ നിർദേശത്തെത്തുടർന്ന് കണ്ണൂർ റെയിൽവേ സുരക്ഷാ സേന, റെയിൽവേ ക്രൈം ബ്രാഞ്ച് പാലക്കാട് എന്നിവ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കണ്ണൂർ ആർപിഎഫ് അറസ്റ്റ് ചെയ്ത പ്രതികളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി. പരിശോധനയ്ക്ക് ആർപി എഫ് ഇൻസ്പെക്ടർ ജെ.വർഗീസ്, എസ്പെ്ഐ എ.പി ദീപക്, എഎസ്ഐ വി.വി സഞ്ജയ് കുമാർ, കെ.വി മനോജ് കുമാർ, ഷാജു കുമാർ, ശിൽന, സിപിഒമാരായ രതീഷ് കുമാർ, ഒ.കെ അജീഷ്, സജേഷ്, പ്രണവ്, രഘുനാഥ് എന്നിവർ നേതൃത്വം നൽകി.