ദേഹോപദ്രവത്തിനിടയിൽ നിലത്തുവീണ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കേസിൽ ഭർത്താവിന് ആറുമാസം തടവ്ശിക്ഷ


തലശ്ശേരി :- ഭർത്താവിൻ്റെ ദേഹോപദ്രവത്തിനിടയിൽ നിലത്തുവീണ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കേസിൽ പ്രതിയെ കോടതി ആറുമാസം തടവിന് ശിക്ഷിച്ചു. കേളകം പള്ളിയറ കോളനിയിലെ വിജയനെ(62)യാണ് തലശ്ശേരി അഡിഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. തങ്ക എന്ന അയ്യ(59)യാണ് മരിച്ചത്. കൊലപാതകത്തിനാണ് പോലീസ് കേസെടുത്തത്. മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെ കൊലക്കുറ്റം ഒഴിവാക്കി നരഹത്യാക്കുറ്റം ചുമത്തി. വിചാരണക്കോടതി നരഹത്യാക്കുറ്റം ഒഴിവാക്കി തങ്കയെ ദേഹോപദ്രവമേൽപ്പിച്ചതിനാണ് ശിക്ഷിച്ചത്.

പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.ജയറാംദാസ് ഹാജരായി. മദ്യപിച്ച് വഴക്കുണ്ടാക്കി ദേഹോപദ്രവം ചെയ്ത് നിലത്തുവീണ ഭാര്യയെ കഴുത്തിന് അമർത്തിപ്പിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കേളകം വില്ലേജ് ഓഫീസിന് പിൻവശം പുഴക്കരയിൽ 2020 മാർച്ച് 15-നാണ് സംഭവം. ഒരു വർഷമായി പ്രതി ജയിലിലാണ്. ഇൻസ്പെക്ടർ പി.വി രാജൻ, എസ്ഐ എം.കെ കൃഷ്ണൻ എന്നിവരാണ് അന്വേഷണം നടത്തിയത്.

Previous Post Next Post