കണ്ണാടിപ്പറമ്പ് :- പലതരത്തിലുള്ള മോഷണ വാർത്തകൾ കേൾക്കാറുണ്ട്. എന്നാൽ ഒരല്പം വ്യത്യസ്തമാണ് ഈ മോഷണം. സംഭവം ദൂരെ എവിടെയുമല്ല കണ്ണാടിപ്പറമ്പിൽ. സൈക്കിൾ മോഷണ പരമ്പരയെന്നു തന്നെ പറയാം.
സംഭവം ഇങ്ങനെ : വാരം റോഡ് പെട്രോൾ പമ്പിനടുത്ത് താമസിക്കുന്ന എൻ.വി ലതീഷിന്റെ വീട്ടിൽ വച്ചിരുന്ന ബേബിപിങ്ക് കളർ സൈക്കിൾ മാർച്ച് 10 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കുമിടയിൽ മോഷണം പോയി. പകരം ഒരു പഴയ ചെറിയ സൈക്കിൾ ആ സ്ഥാനത്ത് കൊണ്ട് വയ്ക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഇതിനെ പറ്റി വിവരമറിയിച്ചപ്പോൾ ഒരു ട്വിസ്റ്റ്.
മോഷ്ടാവ് കൊണ്ടുവെച്ച പഴയ സൈക്കിൾ മാലോട്ട് ശാദുലി പള്ളിക്ക് സമീപം താമസിക്കുന്ന കെ.എം മാഹിറയുടേത്. മാഹിറയുടെ വീട്ടിൽ നിന്നും ആ സൈക്കിൾ മോഷണം പോയത് തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിൽ. ഇവിടെയും പകരം മറ്റൊരു പഴയ സൈക്കിൾ. തന്റെ സൈക്കിൾ നഷ്ടപ്പെട്ട വിവരം വാർഡ് ഗ്രൂപ്പിൽ ഇട്ടപ്പോൾ അതിന്റെ ഉടമസ്ഥൻ സമീപത്തെ ശ്രീധരൻ മേസ്തിരി.
സംഭവത്തിൽ ലതീഷിന്റെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ഒരു വ്യക്തിയുടെ പ്രശ്നം എന്നതിലുപരി സമൂഹത്തിനാകെ ബാധിക്കുന്ന പ്രശ്നമായി കണ്ട് കുറ്റവാളികളെ കണ്ടെത്തെണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.