ചെറുകുന്ന് :- തായ്ലാൻഡിൽ നിന്ന് ഇന്ത്യയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളിലൊരാൾ അറസ്റ്റിൽ. കണ്ണപുരം അയ്യോത്തെ പുതിയ പുരയിൽ ശ്രീജിലിനെ (31) ആണ് കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഗോവൻ പൊലീസിന് കൈമാറി.
ദിവസങ്ങൾക്ക് മുൻപ് തായ്ലാൻഡിൽനിന്ന് ഏകദേശം അഞ്ചരക്കോടി രൂപ വിലവരുന്ന 19 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കടത്തുകയായിരുന്ന ബെംഗളൂരു സ്വദേശിയെ ഗോവൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഗോവ പോലീസ് നൽകിയ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം അയ്യോത്ത് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തു നിന്ന് പ്രതിയെ പിടിച്ചത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ച് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ ബാബുമോൻ, സിവിൽ പോലീസ് ഓഫീസർമാരായ ടി.വി അനൂപ്, പി.പി ജവാദ്, കെ.റാഷിദ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായത്.