മയ്യിൽ :- മയ്യിൽ ബസ് സ്റ്റാൻഡിൽ സൺ ഷെയ്ഡ് തകർന്ന് വീണ് അപകടം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ബസ് കാത്തിരിപ്പുകാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. പത്ത് മീറ്ററോളം വരുന്ന വീതികുറഞ്ഞ സൺഷെയിഡാണ് തകർന്നു വീണത്. വാർഷിക പരീക്ഷ കഴിഞ്ഞ് ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപേർ ബസ് കാത്ത് നിൽക്കുമ്പോഴാണ് അപകടം നടന്നത്.
അപകടസ്ഥിതിയെ കുറിച്ച് ബോധമുള്ള കച്ചവടക്കാർ അൽപ്പസമയം മുമ്പ് ബസ് കാത്തിരിപ്പുകാരെ മാറ്റി നിർത്തിയത് വൻ ദുരന്തം ഒഴിവാക്കി. ബസ്സ് സ്റ്റാൻഡിൻ്റെ അപകടാവസ്ഥ ഗ്രാമസഭയിലും ഭരണാധികാരികളോട് നേരിട്ടും പല തവണ അറിയിച്ചതാണെന്നും ഇനിയും മുപ്പതോളം മീറ്റർ ഭാഗം കൂടി ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണെന്നും സ്ഥലത്തുള്ളവർ പറയുന്നു.
'ജനങ്ങളുടെ ജീവൻ വച്ചു കളിക്കുന്ന പഞ്ചായത്ത് ഭരണാധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും, അപകടാവസ്ഥ ഇല്ലാതാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണ'മെന്ന് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എ.കെ ബാലകൃഷ്ണൻ അധികൃതരോട് ആവശ്യപ്പെട്ടു.