മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തോടനുബന്ധിച്ച് വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം (മെയ്ന്റനൻസ് റിപ്പയർ ഓവർ ഹോളിന്, എംആർഒ) തുടങ്ങുന്നതിനായി പദ്ധതി മുന്നോട്ട് വച്ച് വിദേശ കമ്പനി. യൂറോപ്പ് ആസ്ഥാനമായുള്ള കമ്പനിയാണ് കണ്ണൂരിൽ എംആർഒ തുടങ്ങാൻ വലിയ രീതിയിലുള്ള രൂപരേഖയുമായി എത്തിയിരിക്കുന്നത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുമായി സഹകരിച്ചായിരിക്കും പ്രവർത്തനം. വിമാനങ്ങളുടെ മണിക്കൂറുകൾ നീണ്ട സർവീസിനു ശേഷം ആവശ്യമായ പ്രവർത്തനശേഷി പരിശോധിക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകും. നാലുഘട്ട പരിശോധനകൾ നടത്താനാകും. വിമാനത്തിന്റെ എൻജിൻ റീസെറ്റ് അടക്കമുള്ള പണികളും സെന്ററിൽ സാധ്യമാകും.
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ 4 ചെക്ക്-ഇൻ പോയിന്റ് ഉൾകൊള്ളുന്ന ഫെസിലിറ്റി സെൻ്റർ വരുന്നത്. പദ്ധതിക്ക് കേന്ദ്ര-സംസ്‌ഥാന സർക്കാരിൻ്റെ അംഗീകാരം ആവശ്യമാണ്. വിമാനത്താവളത്തിന് സമീപം പ്രതിരോധത്തിനും വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം തുടങ്ങുന്നതിനുമായി 108 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി 2022ൽ സർവേ നടത്തിയിരുന്നു. പ്രതിരോധത്തിന് 25 ഏക്കറും എംആർഒയ്ക്ക് 83 ഏക്കറുമാണ് അന്ന് അളന്നു രേഖപ്പെടുത്തിയത്.
കീഴല്ലൂർ, കാനാട് ദേശങ്ങളിൽ ഉൾപ്പെട്ട ഒറവുകുണ്ട്, കടാങ്കോട്, മുടക്കണ്ടി, നല്ലാണി മേഖലകളിലാണ് സർവേ നടത്തിയത്. 2020-ൽ ടെൻഡർ ക്ഷണിച്ച പദ്ധതി 2021-ൽ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. കോവിഡിനെ തുടർന്നാണ് നീണ്ടുപോയത്. സർവേ പൂർത്തിയാക്കിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. കിൻഫ്ര പാർക്കിനും ഇതേ സ്ഥലമാണ് കണ്ടെത്തിയിരുന്നത്. വിമാനത്താവള റൺവേ 4000 മീറ്റർ ആയി ഉയർത്തുന്നതിനായി 245 ഏക്കർ ഏറ്റെടുക്കുന്ന കാനാട്, കീഴല്ലൂർ ഭാഗത്തിന് സമീപത്താണ് ഈ സ്‌ഥലവും.