സുവർണജൂബിലിയുടെ നിറവിൽ കരിങ്കൽക്കുഴി KS & AC ; ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരികോത്സവം മാർച്ച് 4 ന് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും


കരിങ്കൽക്കുഴി :- സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന കരിങ്കൽക്കുഴി സ്പോർട്സ് & ആർട്സ് ക്ലബ് KS & AC യുടെ  സുവർണ്ണ ജൂബിലി സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം മാർച്ച് 4 ചൊവ്വാഴ്ച കരിങ്കൽക്കുഴിയിൽ നടക്കും. പ്രത്യേകം സജ്ജമാക്കിയ പി.ജയചന്ദ്രൻ നഗറിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ അഡ്വ.പി അജയകുമാർ അധ്യക്ഷനാകും. അഡ്വ.പി സന്തോഷ് കുമാർ എം.പി, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സണും എഴുത്തുകാരിയുമായ ഡോ: കെ.വി ഫിലോമിന, കേരള യുവജന ക്ഷേമ ബോർഡ് മെമ്പർ വി.കെ സനോജ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് എന്നിവർ മുഖ്യാതിഥികളാകും.

പരിസര പ്രദേശങ്ങളിലെ കലാ സാംസ്കാരിക കായിക സംഘടനകളുടെ പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഡോ: ശ്യാം കൃഷ്ണൻ, കേരള ഫുട്ബോൾ ടീം അംഗം സച്ചിൻ സുനിൽ എന്നിവരെ ചടങ്ങിൽ ആദരിക്കും.  സംഗീത പ്രതിഭകളായ രതീഷ് കുമാർ പല്ലവി, പല്ലവി രതീഷ് എന്നിവർ ചേർന്ന് കെ എസ് & എസി, കെ.വി ആർ വെഹിക്കിൾസ്, കണ്ണൂർ വിഷൻ ഉത്തരകേരള ഗാനോത്സവം ഗ്രാൻ്റ് ഫിനാലെയ്ക്ക് തുടക്കം കുറിക്കും. സംഗീത രംഗത്തെ ശ്രദ്ധേയരായ കമറുദ്ദീൻ കീച്ചേരി, ഡോക്ടർ ഷിജി രാജ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. വിവിധ ജില്ലകളിൽ നിന്നും ലഭിച്ച 40 ഓളം പാട്ടുകളിൽ നിന്നും തെരഞ്ഞെടുത്ത 17 പേരാണ് ഗ്രാൻഡ്ഫിനാലെയിൽ പങ്കെടുക്കുക. സീനിയർ വിഭാഗത്തിന് മികച്ച ഗായകൻ, ഗായിക എന്നിങ്ങനെ ഒന്നും രണ്ടും സ്ഥാനങ്ങൾക്കും ജൂനിയർ 1,2 സ്ഥാനങ്ങൾക്കും ക്യാഷ് അവാർഡും മൊമെന്റോയും സമ്മാനിക്കും. തുടർന്നുള്ള മാസങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. ഒരുവർഷം നീളുന്ന ആഘോഷത്തിന് ഡിസംബറിൽ സമാപനമാകും.

വാർത്താസമ്മേളനത്തിൽ സുവർണ്ണ ജൂബിലി സംഘാടകസമിതി ചെയർമാൻ അഡ്വ.പി അജയകുമാർ, ജനറൽ കൺവീനർ വി.വി ശ്രീനിവാസൻ, ട്രഷറർ സി.ഗോപിനാഥ്, കെ.എസ് & എ.സി സ്ഥാപക കമ്മറ്റി അംഗങ്ങളും സ്വാഗത സംഘം ഭാരവാഹികളുമായ കെ.വി ശശീന്ദ്രൻ, ടി.കൃഷ്ണൻ, എം.വി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post