മയ്യിൽ :- ചൊറുക്കള-ബാവുപ്പറമ്പ്-മയ്യിൽ-എയർപോർട്ട് ലിങ്ക് റോഡ് അടിയന്തര അറ്റകുറ്റപ്പണിക്ക് 10 ലക്ഷം രൂപ അനുവദിച്ചു. എം.വി. ഗോവിന്ദൻ എംഎൽഎ ഇടപെട്ട് കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയാണ് തുക അനുവദിച്ചത്. സംസ്ഥാന പാത ചൊറുക്കള ഭാഗം മുതൽ ബാവുപ്പറമ്പ് വരെ കുഴികളടച്ച് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിനാണ് തുക.
സ്ഥലമേറ്റെടുപ്പ് നടപടികൾ 30-നകം പൂർത്തിയാക്കി ജൂണിൽ ടെൻഡർ നടപടികളിലേക്ക് കടക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡ് അവലോകന യോഗം തീരുമാനിച്ചു. എയർ പോർട്ട് ലിങ്ക് റോഡിൻ്റെ സ്ഥലമേറ്റെടുപ്പിനുള്ള റവന്യൂ നടപടികളുടെ വിശദ മൂല്യനിർണയ രേഖ 15-നകം പുറത്തിറക്കണമെന്നും യോഗം തീരുമാനിച്ചു.
നിലവിൽ സാങ്കേതികാനുമതിക്കുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. മലയോര മേഖലയിലെ ആലക്കോട്, ചെറുപുഴ, പെരുമ്പടവ്, മാതമംഗലം, നടുവിൽ എന്നിവിടങ്ങളിലുള്ളവർക്ക് വിമാനത്താവളത്തിലേക്ക് എളുപ്പം എത്തിച്ചേരാവുന്ന റോഡാണിത്. റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തി നവീകരിക്കാനാണ് പദ്ധതി.