ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണയം ഇന്നുമുതൽ ; മെയ് മാസത്തിൽ ഫലം പ്രഖ്യാപിക്കും


തിരുവനന്തപുരം :- ഹയർസെക്കൻഡറി ഒന്ന് രണ്ടും വർഷ പരീക്ഷാ മൂല്യനിർണയം വ്യാഴാഴ്ച ആരംഭിക്കും. 89 കേന്ദ്രീകൃത മൂല്യനിർണയ കേന്ദ്രങ്ങളാണ് ഉള്ളത്. പ്ലസ് വൺ ഇംപ്രൂവ്മെന്റ്റ് പരീക്ഷയുടെ മൂല്യനിർണയവും ഇപ്പോഴാണ് നടക്കുക. കഴിഞ്ഞ വർഷംവരെ പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് നടന്നുവന്നിരുന്നത്. ഈവർഷം മുതൽ അത് മാർച്ചിലെ ഒന്നാംവർഷ പരീക്ഷയുടെ ഭാഗമാക്കി. അതിനാൽ ഇപ്രാവശ്യം ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ മൂല്യനിർണയവും നടക്കും. 

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈവർഷം ആദ്യദിവസം ഉച്ചവരെ ഒന്നാംവർഷ വിഷയങ്ങളുടെ ഉത്തരസൂചികകളുടെ ചർച്ചയും ഉച്ചകഴിഞ്ഞ് രണ്ടാം വർഷ വിഷയങ്ങളുടെ ഉത്തര സൂചികകളുടെ ചർച്ചയുമാണ് നടക്കുക. വെള്ളിയാഴ്ച മുതൽ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മൂല്യനിർണയമാണ് നടക്കുക. അത് തീരുന്നമുറയ്ക്ക് രണ്ടാം വർഷ പരീക്ഷയുടെ മൂല്യനിർണയം നടക്കും. 

രണ്ടാംവർഷ മൂല്യ നിർണയം പൂർത്തിയായശേഷം ഒന്നാംവർഷ റഗുലർ വിദ്യാർഥികൾ എഴുതിയ പരീക്ഷയുടെ മൂല്യനിർണയം നടക്കും. 12, 13, 14, 17, 18, 19, 20 തീയതികളിൽ ക്യാമ്പ് ബ്രേക്ക് ആണെന്ന് അറിയിപ്പ് ഉണ്ട്. മേയ് ആദ്യവാരം പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Previous Post Next Post