കണ്ണൂർ :- ജില്ലയിൽ വിതരണത്തിനെത്തിയ ഒന്നാംവാല്യം പാഠപുസ്തകങ്ങളിൽ പകുതിയിലധികം വിതരണം ചെയ്തു. മേയ് അവസാനത്തോടെ പാഠപുസ്തകവിതരണം നൂറുശതമാനം പൂർത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിൻ്റെ തീരുമാനം. 31 ലക്ഷം പാഠപുസ്തകങ്ങളാണ് ജില്ലയിലാകെ വിതരണം ചെയ്യേണ്ടത്. ഇതിൽ 18 ലക്ഷത്തോളം പുസ്തകങ്ങളാണ് വിതരണത്തിനായി ജില്ലാ പാഠപുസ്തക ഡിപ്പോയിൽ എത്തിയത്. 11 ലക്ഷത്തോളം പുസ്തകങ്ങളുടെ വിതരണമാണ് ഇതുവരെ പൂർത്തിയാക്കിയത്. ബാക്കിയുള്ളവ വരും ദിവസങ്ങളിൽ വിതരണം ചെയ്യും.
പുതിയ അധ്യയനവർഷത്തിൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെയും ഒൻപതാം ക്ലാസിലെ ഐടി പാഠപുസ്തകത്തിലുമാണ് സിലബസ് മാറിയിട്ടുള്ളത്. ഇതിൽ പത്താംതരത്തിലെ പുസ്തകം വിതരണത്തിനെത്തിയിട്ടുണ്ട്. സിലബസ് പരിഷ്‌കരണം നടത്തിയ മറ്റ് പുസ്തകങ്ങളും വൈകാതെ വിതരണത്തിനെത്തും.
ഇവ കാലതാമസമില്ലാതെ വിദ്യാർഥി കളിലെത്തിക്കാനാവുമെന്നാണ് അധികൃതർ പറയുന്നത്. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ ഒന്നുമുതൽ എട്ടാംതരം വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യമായാണ് പാഠപുസ്തകം നൽകുന്നത്. പാഠപുസ്തക വിതരണത്തിനായി വിദ്യാഭ്യാസവകുപ്പ് നേരെത്ത നടപടി തുടങ്ങിയതിനാലാണ് സ്‌കൂൾ തുറക്കാൻ ഒന്നരമാസത്തോളം ബാക്കി നിൽക്കെ പാഠപുസ്തകവിതരണം പകുതിയലിധകമായി പൂർത്തിയാക്കാനായത്.
ഡിപ്പോയിലെത്തുന്ന പാഠപുസ്തകങ്ങൾ വേർതിരിക്കുന്നതും വിതരണം ചെയ്യുന്നതും കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ്. കുടുംബശ്രീ ഈ ചുമതല ഏറ്റെടുത്തിട്ട് ആറാം വർഷമാണിത്. ജില്ലയിലെ 324 സൊസൈറ്റികളിലേക്കാണ് പുസ്തകങ്ങൾ എത്തിക്കുക. ഇവിടെ നിന്നാണ് സ്കൂളുകളിലേക്ക് പുസ്തകം എത്തിക്കേണ്ടത്. 18 കുടുംബശ്രീ അംഗങ്ങൾക്കാണ് വിതരണ ചുമതലയുള്ളത്.