ന്യൂഡൽഹി :- കേരളത്തിൽ സർക്കാർ ആശുപത്രികളിലുൾപ്പെടെ വിതരണം ചെയ്യുന്ന മരുന്നുകൾക്കു ഗുണനിലവാരമില്ലെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) കണ്ടെത്തി. രാജ്യത്തു മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിൽ യോഗ്യത നേടാത്ത 56 ബാച്ച് മരുന്നുകളിൽ 21 ബാച്ച് കേരളത്തിൽ നിന്നാണ്. ഇതിൽ 4 ബാച്ച് പിടിച്ചെടുത്തത്. സർക്കാർ ആശുപത്രികളിലും കാരുണ്യ മെഡിക്കൽ സ്‌റ്റോറുകളിലും മരുന്നു നൽകുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ (കെഎംഎസ്‌സിഎൽ) തൈക്കാട് ഗോഡൗണിൽ നിന്നാണ്.
കെഎംഎസ്‌സിഎലിൽ നിന്നു പിടിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളിൽ ഹൃദ്രോഗചികിത്സയ്ക്കുള്ള ക്ലോപിഡോഗ്രൽ ടാബ്, മൂത്രസംബന്ധമായ രോഗങ്ങൾക്കുള്ള സെഫിക്സിം ആന്റിബയോട്ടിക്, ഗുളികകൾ തുടങ്ങിയവ ഉൾപ്പെടുന്നു. നിശ്ചിത അളവിൽ സംയുക്തങ്ങളില്ല, രക്തത്തിൽ മരുന്ന് അലിയാൻ വൈകുന്നു തുടങ്ങിയവയാണു ഗുളികകളിലെ ന്യൂനത. സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗമാണ് പരിശോധനയ്ക്കുശേഷം ഈ വിവരങ്ങൾ സിഡിഎസ് സിഒയിൽ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ആയുർവേദ മരുന്നുകമ്പനിയുടെ അശോകാരിഷ്ടം, അമൃതാരിഷ്ടം, ബലാരിഷ്ടം എന്നിവയും ഗുണനിലവാരമില്ലാത്തതിനു പിടിച്ചെത്തുന്ന മരുന്നുകളിൽ ഉൾപ്പെടുന്നു.