ഉച്ചയ്ക്ക് 1.30 ഓടെ മൃതദേഹം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും ; ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്ന്


വത്തിക്കാൻ :- ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്ന് മുതൽ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും. കാസാ സാന്താ മാർത്തയിൽ നിന്ന് പന്ത്രണ്ടരയ്ക്ക് വിലാപയാത്രയായാണ് മൃതദേഹം എത്തിക്കുക. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ ശനിയാഴ്ച വരെ പൊതുദർശനം തുടരും. ലോകനേതാക്കളെയും രാഷ്ട്രത്തലവൻമാരെയും കൂടാതെ ലോകമെമ്പടുമുള്ള വിശ്വാസികളും വലിയ ഇടയനെ അവസാനമായി നേരിൽ കാണാൻ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തും. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ശുശ്രൂഷകൾ തുടങ്ങുക.തി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ചയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്.

1958 ലാണ് സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. 

Previous Post Next Post