ചെറുപുഴ:- ഓലയമ്പാടി കണ്ണാടിപ്പൊയിലിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. 29 പവനും 20,000 രൂപയും മോഷണം പോയി. കണ്ണാടിപ്പൊയിലിലെ മടേമ്മക്കുളത്ത് വാഴവളപ്പിൽകുഞ്ഞാമിനയുടെ വീട്ടിൽ നിന്നുമാണ് ബുധനാഴ്ച രാത്രി സ്വർണവും പണവും മോഷ്ടിച്ചത്.
15 വർഷത്തിലേറെയായി ഖത്തറിലുള്ള പൊന്നുവളപ്പിൽ അബ്ദുൽ നാസറിന്റെ ഭാര്യയും മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. വീടിന്റെ പിൻഭാഗത്തെ കിണറിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്.
കുഞ്ഞാമിനയുടെ മൂത്ത മകൾ ഫാത്തിമ വ്യാഴാഴ്ച വൈകിട്ട് 7.30ഓടെ എത്തി വീട് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. വേനൽക്കാലത്ത് ഇവിടെ വെള്ളത്തിന് ബുദ്ധിമുട്ട് ഉള്ളതിനാൽ കുഞ്ഞാമിനയും മക്കളായ ഫാത്തിമ, അയിഷ എന്നിവരും കുറ്റൂർ കുളിയപ്രത്തുള്ള കുടുംബ വീട്ടിലായിരുന്നു താമസം. ബുധനാഴ്ച രാത്രി 8.30ഓടെ വീട് പൂട്ടി കുഞ്ഞാമിനയും രണ്ട് പെൺമക്കളും കുളിയപ്രത്തുള്ള കുടുംബ വീട്ടിലേക്ക് പോയിരുന്നു. ഇതിന് ശേഷമാകാം കവർച്ച നടന്നത് എന്നാണ് നിഗമനം.
പെരിങ്ങോം പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസ്, എസ്.ഐ കെ. ഖദീജ, കണ്ണൂരിൽ നിന്നും എത്തിയ വിരലടയാള സംഘത്തിലെ വിദഗ്ധരും ഡോഗ് സ്ക്വാഡും പ്രത്യേക സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.
വീടിന്റെ താഴത്തെ നിലയിലെ ഒരു മുറിയിലും മുകളിലത്തെ നിലയിലെ ഒരു മുറിയിലും ബാഗും മറ്റ് വസ്തുക്കളും വലിച്ചുവാരി ഇട്ട നിലയിലാണ്. വാതിലിന്റെ മുൻഭാഗത്ത് കമ്പി കൊണ്ട് ഇളക്കാൻ ശ്രമിച്ചതിന്റെ അടയാളമുണ്ട്. വീടിന്റെ എല്ലാ ഭാഗങ്ങളിലും പൊലീസ് വിശദമായ പരിശോധന നടത്തി. സംഭവത്തിൽ പെരിങ്ങോം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.