ശ്രീനഗര്‍ :- പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലേയ്ക്ക് പോകാൻ മടിച്ച് സഞ്ചാരികൾ. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേര് കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വേനലവധിയ്ക്ക് നിരവധി സഞ്ചാരികൾ കശ്മീരിലേയ്ക്ക് എത്താനിരിക്കവെയാണ് പഹൽഗാമിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. ഇതോടെ 90% ഹോട്ടൽ ബുക്കിംഗുകളും റദ്ദാക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇത് പ്രാദേശിക ബിസിനസുകൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
സഞ്ചാരികൾ യാത്ര റദ്ദാക്കുന്നതിനെ തുടര്‍ന്ന് പഹൽഗാം, ഗുൽമാർഗ്, സോനാമാർഗ്, ശ്രീനഗർ എന്നിവിടങ്ങളിലെ ടൂർ ഓപ്പറേറ്റർമാരും ഹോട്ടലുടമകളും വലയുകയാണ്. ഗ്രൂപ്പ് ടൂറുകൾ, ഹണിമൂൺ, തീർത്ഥാടന യാത്രകൾ പോലും ഒഴിവാക്കിയതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. ക്ലിയർട്രിപ്പിന്റെ കണക്കനുസരിച്ച് ഈ മേഖലയിൽ വിമാന യാത്ര റദ്ദാക്കലുകൾ 7 മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിന് പിന്നിലാെ കേന്ദ്ര ടൂറിസം മന്ത്രാലയം യാത്രാ, ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുകൾ എന്നിവയ്ക്ക് ക്യാൻസലേഷൻ ഫീസ് ഒഴിവാക്കുന്നത് ഉൾപ്പെടെ വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് ആവശ്യപ്പെട്ടു. സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. കൂടാതെ ഏപ്രിൽ 22നോ അതിനുമുമ്പോ നടത്തിയ ബുക്കിംഗുകൾ റീഷെഡ്യൂൾ ചെയ്യാനും റദ്ദാക്കാനുമുള്ള ഇളവുകൾ നീട്ടുകയും ചെയ്തു. ഏപ്രിൽ 30 വരെയാണ് സമയം നൽകിയിരിക്കുന്നത്. ഈ മേഖലകളിൽ ഏപ്രിൽ 30 വരെ യാത്രക്കാർക്ക് എയർ ഇന്ത്യ സൗജന്യ റീഷെഡ്യൂളിംഗും റീഫണ്ടും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കോവിഡ് മഹാമാരിക്ക് ശേഷം കശ്മീരിലെ ടൂറിസം മേഖല തിരിച്ചുവരുന്ന സമയത്താണ് പഹൽഗാമിലെ ഭീകരാക്രമണം. എല്ലാ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നതിനാൽ സഞ്ചാരികൾക്ക് ആത്മവിശ്വാസം തിരികെ ലഭിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, സംഭവത്തെ തുടര്‍ന്നുണ്ടായ വൈകാരികവും സാമ്പത്തികവുമായ ആഘാതങ്ങൾ ആഴ്ചകളോളം നീണ്ടുനിൽക്കുമെന്നാണ് വിലയിരുത്തൽ.