കണ്ടക്ടര്‍ ജോലിയുടെ മറവിൽ വിദ്യാർത്ഥികളെ ഉൾപ്പടെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന ; യുവാവ് പിടിയിൽ


തൃശൂര്‍ :- ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന യുവാവിനെ എക്സൈസ് പിടികൂടി. തൃശൂര്‍ വലപ്പാട് മുത്തങ്ങാടി എടച്ചാലിൽ വീട്ടിൽ പ്രഭുവിനെയാണ് വാടാനപ്പള്ളി എക്സൈസ് സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കും മറ്റും 500 രൂപക്കാണ് ചെറിയ പൊതി കഞ്ചാവ് ഇയാൾ വില്പന നടത്തിവന്നിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാൾ സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

എക്സൈസ് ഇൻസ്പെക്ടർ റീജി സുനിൽകുമാർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഹരിദാസ്, പ്രിവന്‍റീവ് ഓഫീസർ കെ.കെ. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ. മധു, പി.കെ.അബ്ദുൽ നിയാസ്, ഇ.ജി.സുമി, വി.രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ലഹരി വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ നാട്ടിക എ.കെ.ജി കോളനിയിൽ ചെരുവിള സൂരജിന്‍റെ വീട്ടു വളപ്പിൽ നിന്നും കഴിഞ്ഞ ദിവസം 11 കഞ്ചാവ് ചെടികൾ കണ്ടെടുത്തിരുന്നു.

Previous Post Next Post