മയ്യിൽ :- മാലിന്യമുക്ത പ്രഖ്യാപനം നടന്നു കഴിഞ്ഞിട്ടും മയ്യിൽ ടൗണിൽ മാലിന്യം തള്ളുന്നത് തുടർക്കഥയാകുകയാണ്. മയ്യിൽ ടൗണിലെ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക വായനശാല & സി.ആർ.സി ലൈബ്രറി ഒരുക്കിയ മനോഹരമായ പൂന്തോട്ടത്തിലുൾപ്പെടെ മാലിന്യം തള്ളുന്നത് തുടരുന്നതായി പരാതി ഉയരുകയാണ്.
കഴിഞ്ഞ ദിവസമാണ് പ്ലാസ്റ്റിക് കുപ്പികൾ, സഞ്ചികൾ, ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. വായനശാല പ്രസിഡന്റ് പി.കെ നാരായണൻ മയ്യിൽ പഞ്ചായത്ത് സെക്രട്ടറി, മയ്യിൽ പോലീസ് എന്നിവിടങ്ങളിൽ പരാതി നൽകി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ടൗണിലെ റോഡരികുകളിലും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നിർമിച്ച പൂന്തോട്ടങ്ങളിലും മാലിന്യം ഇടുന്നതായി പരാതികൾ നേരത്തേ ഉണ്ടായിരുന്നു.