ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന ; ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി


കൊച്ചി :- പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഷൈനിന് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്. 

കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്. 


 





Previous Post Next Post