കണ്ണൂർ :- വിഷു എത്തിയതോടെ സജീവമാകുകയാണ് വിപണികളെല്ലാം. കണിയൊരുക്കാനുള്ള മൺകലങ്ങളാണു വിഷു വിപണിയിലെ പ്രധാനം. നാടൻ പെരുമയുമായി വൈവിധ്യ ശ്രേണിയിലുള്ള മൺപാത്രങ്ങളുടെ വിപുല ശേഖരമാണ് കണ്ണൂർ നഗരത്തിലുള്ളത്. സ്‌റ്റേഡിയം കോർണറിലെത്തിയാൽ മൺപാത്രങ്ങൾ തരാതരം പോലെ വാങ്ങാം. 50 രൂപ മുതലാണു വില. കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നടക്കം മൺപാത്ര വിൽപനക്കാർ ഇവിടെയെത്തിയിട്ട് ഒരാഴ്ച്ച പിന്നിട്ടു.
70 രൂപ മുതലാണ് മൺചട്ടിയുടെ വില. കണിക്കലത്തിനു 130 രൂപ വില മുതൽ വിലയുണ്ട്. കൂജയ്ക്കും ആവശ്യക്കാരേറെയുണ്ട്. 100 രൂപ മുതലാണു വില. ചൂട് കൂടിയതോടെ മൺകൂജയ്ക്ക് ആവശ്യക്കാർ ഏറെയാണെന്ന്, കപ്പ്, ജഗ്ഗ്, കടായി, ചീനച്ചട്ടി, ഭരണി, ഉരുളി, കുടുക്ക എന്നിവയും അലങ്കാര വസ്‌തുക്കളും ഇവിടെ വിൽപനയ്ക്കുണ്ട്. വ്യത്യസ്‌ത ഡിസൈനിലും വലുപ്പത്തിലുമുള്ളതാണു ഉൽപന്നങ്ങൾ. ചൂളയിൽ വീണ്ടും ചൂടാക്കി കനിച്ചെടുത്തുണ്ടാക്കുന്ന കറുപ്പ് ചട്ടിക്ക് 100 രൂപ മുതലാ ണ് വില. ഇരട്ടി ഉറപ്പാണ് ഇത്തരം മൺപാത്രങ്ങൾക്ക്. ഏറ്റവും കൂടുതൽ മൺപാത്രക്കച്ചവടം നടക്കുന്ന സമയം കൂടിയാണ് വിഷുക്കാലം.