കൊളച്ചേരി:-അഭിവൃദ്ധിയുടെ നാളുകള്‍ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാന്‍ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്.സമ്പന്നമായ കാര്‍ഷിക സംസ്കാരത്തെ വീണ്ടെടുക്കേണ്ട അനിവാര്യതയും ഈ ആഘോഷ ദിനം ഓര്‍മ്മിപ്പിക്കുന്നു.
വീടുകളില്‍ തലേദിവസം തന്നെ കണിക്കൊന്നയും വെള്ളരിയും കൃഷ്ണ വിഗ്രഹവുമായി കണി ഒരുക്കിയിരുന്നു. പുലര്‍ച്ച കണികണ്ട് ഉണര്‍ന്നവര്‍ വിഷു ആഘോഷങ്ങളിലേക്ക് കടന്നു.വീടുകളില്‍ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയും പടക്കം പൊട്ടിച്ചും ബന്ധുമിത്രാദികളുമായി ചേര്‍ന്നുമാണ് ആഘോഷം. കുട്ടികളും മുതിര്‍ന്നവരും പുതിയ വിഷുക്കോടികള്‍ അണിഞ്ഞു.
ഈദിവസം ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ ഒരു കൊല്ലക്കാലം നിലനില്‍ക്കുമെന്നാണ് വിശ്വാസം. മലയാളം കലണ്ടര്‍ പ്രകാരം പുതിയ വര്‍ഷം തുടങ്ങുന്നത് ചിങ്ങം ഒന്നിനാണെങ്കിലും വിഷുദിനവും ഒരു പുതിയ ആരംഭമായി കരുതി വരുന്നു.വിഷുക്കൈനീട്ടം സ്വീകരിക്കുന്നത് സമ്പത്ത് പ്രദാനം ചെയ്യുമെന്നും വിശ്വാസമുണ്ട്. കേരളത്തിലെ പ്രധാന വിളവെടുപ്പ് ഉത്സവങ്ങളിലൊന്ന് കൂടിയാണ് വിഷു.