കമ്പിൽ: കേരളത്തിലെ മതസൗഹാർദം തകർക്കാൻ പിണറായി സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും, ലഹരി മാഫിയക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന പ്രവർത്തനമാണ് പിണറായി സർക്കാരിന്റെ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി പി കെ സുബൈർ ആരോപിച്ചു. കേന്ദ്ര- കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി കമ്പിൽ ടൗണിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി സൗഹാർദ്ദപരമായി പരിഹരിക്കാമായിരുന്നിട്ടും ആ വിഷയത്തിൽ ഇടപെടാതെ നീട്ടിവലിച്ചു കൊണ്ടുപോകുന്ന പിണറായി സർക്കാരിന്റെ ലക്ഷ്യം അതിലൂടെ മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്തി ഇതര സമുദായങ്ങളെ ഒന്നുകിൽ തന്നിലേക്കോ, അല്ലെങ്കിൽ ബിജെപിയിലേക്കൊ എത്തിക്കുന്നതിനുള്ള ശ്രമമാണ്. വഖഫ് ഭേദഗതി ബിൽ പാസാകുന്നത് വരെ മുനമ്പം വിഷയത്തെ സജീവമായി നിലനിർത്താനായിരുന്നു ഇക്കാലമത്രയും പിണറായി സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ സി ഗണേശൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പഞ്ചായത്ത് യു ഡി എഫ് കൺവീനർ മൻസൂർ പാമ്പുരുത്തി ആമുഖഭാഷണം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്,
മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പാട്ടയം, കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി പി സുമേഷ്, ചേലേരി മണ്ഡലം പ്രസിഡണ്ട് കെ മുരളി മാസ്റ്റർ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കോയിലേരിയൻ സംസാരിച്ചു