തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഇനി ഒറ്റ പ്ലാറ്റ്‌ഫോമിൽ ; പഞ്ചായത്തുകളിൽ കെ സ്മാർട്ട്‌ ഇന്നുമുതൽ


തിരുവനന്തപുരം :- തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ കിട്ടുന്ന കെ സ്മാർട്ട് ഇന്ന് മുതൽ പഞ്ചായത്തുകളിലും നടപ്പാകും. നേരത്തെ നഗരങ്ങളിൽ നടപ്പായ പദ്ധതി ആണ് ഇന്ന് മുതൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നത്. ഇതോടെ 14 ജില്ലാ പഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 941 ഗ്രാമപഞ്ചായത്തുകളിലും കെ സ്മാര്‍ട്ട് സേവനം കിട്ടും. ആറു കോര്‍പറേഷനുകളിലും 87 മുനിസാപ്പിലറ്റികളിലുമാണ് ഇതുവരെ കെ സ്മാര്‍ട്ട് സേവനം കിട്ടിയിരുന്നത്.

ksmart.lsgkerala.gov.in എന്ന പോർട്ടലിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ആണ് സേവനങ്ങൾ കിട്ടുക. ഡിജിറ്റൽ ഒപ്പിട്ട് അപേക്ഷകൾ ഏതു സമയത്തും നൽകാം എന്നതാണ് പ്രത്യേകത. വാട്സാപ്പ് വഴിയും ഇ മെയിൽ വഴിയും രസീതുകളും സാക്ഷ്യപത്രങ്ങളും കിട്ടും. അക്ഷയ കേന്ദ്രങ്ങൾ, കുടുംബശ്രീ ഹെൽപ്പ് ഡെസ്‌കുകൾ എന്നിവ വഴിയും അപേക്ഷകളും പരാതികളും നൽകാം.

കെ സ്മാർട്ട് പ്രയോജനങ്ങൾ

ഇടനിലക്കാർ ഇല്ലാതെയും ഓഫിസിൽ നേരിട്ട് ചെല്ലാതെയും അപേക്ഷകളുടെ സ്റ്റാറ്റസ് അറിയാം. ഫയൽ നീക്കവും അറിയാം. അപേക്ഷാ ഫീസുകൾ, നികുതികൾ എന്നിവ അടയ്ക്കാനും ഇനി ഓഫീസിൽ പോകേണ്ട.

നിർമാണാനുമതി കിട്ടിയ കെട്ടിടങ്ങളുടെ വിവരങ്ങൾ K MAP ഫീച്ചറിലൂടെ അറിയാം. പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഏത് സമയത്തും പരിശോധിക്കാം.

ലോകത്തെവിടെ നിന്നും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാം. മരണ, ജനന രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ

എന്നിവയ്ക്കും ഓഫിസിൽ പോകേണ്ട. എല്ലാ തരം ട്രേഡ് ലൈസൻസും എടുക്കാനും പുതുക്കാനും കെ സ്മാർട്ടിലൂടെ സാധിക്കും.

Previous Post Next Post