തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ ഒരു ലക്ഷത്തോളം പേർ ജോലിക്കു ഹാജരാകുന്നില്ലെന്ന് റിപ്പോർട്ട്


തിരുവനന്തപുരം :- സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ (എംജിഎൻആർഇജിഎസ്) അംഗങ്ങളായ ഒരു ലക്ഷത്തോളം പേർ ജോലിക്കു ഹാജരാകുന്നില്ല. ആകെയുള്ള 14 ലക്ഷത്തിൽ പരം അംഗങ്ങളിൽ നിലവിൽ 13 ലക്ഷത്തോളം പേർ മാത്രമാണു ജോലിക്ക് എത്തുന്നതെന്ന കണക്കുകൾ ലഭിച്ചതോടെ ഇതേക്കുറിച്ച്പഠിക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചു.

തൊഴിലുറപ്പ് പദ്ധതിയുടെ കണക്കുകൾ പരിശോധിക്കുന്ന സോഷ്യൽ ഓഡിറ്റ് വിഭാഗമാണു പഠനം നടത്തുക. 60 വയസ്സു പിന്നിട്ടവരാണു ജോലിക്ക് എത്താത്തവരിൽ ഭൂരിഭാഗവുമെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മേയ് 31നകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണു തദ്ദേശ വകുപ്പും നൽകിയിട്ടുള്ള നിർദേശം.

കഴിഞ്ഞ സാമ്പത്തിക വർഷം 5 കോടി തൊഴിൽ ദിനങ്ങളാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചതെങ്കിലും 6 കോടിയിലേറെ തൊഴിൽദിനങ്ങൾ കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്കു ലഭിച്ചു. എന്നാൽ, കേന്ദ്രം അധിക തൊഴിൽദിനങ്ങൾക്ക് അനുമതി നൽകാത്തതിനാൽ അധികദിവസത്തെ ജോലിക്കുള്ള വേതനം തൊഴിലാളികൾക്കു ലഭിച്ചില്ല. മുൻവർഷങ്ങളിൽ കേന്ദ്രം അധിക തൊഴിൽദിനങ്ങൾക്ക് വൈകിയാണെങ്കിലും അനുമതി നൽകാറുണ്ട്. വേതനം വൈകുന്നതും തൊഴിലുറപ്പ് പദ്ധതിയിൽ നിന്നു തൊഴിലാളികളെ പിന്തിരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം വരെ 341 രൂപയായിരുന്ന പ്രതിദിന വേതനം ഈ വർഷം 369 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.

Previous Post Next Post