തിരുവനന്തപുരം :- വെർച്വർ അറസ്റ്റിലൂടെയുള്ള പണം തട്ടിപ്പുകളിൽ സംസ്ഥാനത്ത് ആദ്യമായി സിബിഐ അന്വേഷണം. 1.04 കോടിരൂപ നഷ്ടമായ തൃശ്ശൂർ സ്വദേശി ഹൈക്കോടതിയിൽ ഹർജി നൽകിയതിനെത്തുടർന്നാണിത്. അന്വേഷണം ഏറ്റെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. തൃശ്ശൂർ സൈബർ പോലീസായിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നത്.
പറവട്ടാനി സ്വദേശി എ.എ അബ്ദുള്ളയ്ക്കാണ് കഴിഞ്ഞവർഷം ജൂലായ് 20 മുതൽ 24 വരെയുള്ള ദിവസങ്ങളിലായി പണം നഷ്ടപ്പെട്ടത്. സൈബർ പോലീസിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് സിബിഐ അന്വേഷണം ഏറ്റെടുക്കണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.