കൊടുംവേനലിലും കൈവിടാതെ പഴശ്ശി ജലസംഭരണി ; സംഭരണശേഷിയിൽ വലിയ കുറവില്ല


ഇരിട്ടി :- കനത്ത വേനലിൽ നാടും നഗരവും ഉരുകിയൊലിക്കുമ്പോൾ കണ്ണിന് ആശ്വാസമാകുകുകയാണ് പഴശ്ശി ജലസംഭരണി. ജലസ്രോതസ്സുകൾ വരണ്ടുണങ്ങുമ്പോഴും പഴശ്ശിയുടെ സംഭരണശേഷിയിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നത് ജില്ലാഭരണകൂടത്തിന് ആശ്വസം. 30-ലധികം പഞ്ചായത്തുകൾക്കും കണ്ണൂർ കോർപ്പറേഷനും അഞ്ച് നഗരസഭകൾക്കും കുടി വെള്ളം നൽകുന്നത് പഴശ്ശിയാണ്. വേനൽ രൂക്ഷമായിട്ടും പഴശ്ശിയുടെ ജലസമൃദ്ധിയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. സംഭരണിയിൽ ഇപ്പോൾ 24.84 മീറ്റർ വെള്ളമുണ്ട്. 26.52 മീറ്ററാണ് സംഭരണശേഷി. അഞ്ചുമാസമായി കനാൽ വഴിയും കുടിവെള്ളപദ്ധതിക്കായും വെള്ളമെടുത്തിട്ടും 1.68 മീറ്റർ മാത്രമാണ് കുറഞ്ഞത്. 18 മീറ്റർ വെള്ളം സംഭരണിയിൽ നിലനിർത്തണമെന്നാണ് ജല അതോറിറ്റിയും ജില്ലാ ഭരണകൂടവും നൽകിയ നിർദേശം.

ആറ് വൻകിട കുടിവെള്ള പദ്ധതികൾക്കായി രാപകൽ വ്യത്യാസമില്ലാതെ പഴശ്ശിയിൽ നിന്ന് പമ്പിങ് നടക്കുന്നുണ്ടെങ്കിലും പുഴയിലേക്ക് ശക്തമായ നീരൊഴുക്കുള്ളതാണ് ജലനിരപ്പ് പിടിച്ചുനിർത്തുന്നത്. അഞ്ചുവർഷം മുൻപ് പദ്ധതിയുടെ 16 ഷട്ടറുകളും പുതുക്കി നിർമിക്കാനെടുത്ത തീരുമാനമാണ് ഇപ്പോൾ അനുഗ്രഹമായത്. ചെറു അരുവികളും തോടുകളും വറ്റിയിട്ടും സംഭരണിയിൽ നിന്ന് ചോർച്ചയിലൂടെ വെള്ളം പാഴാകാത്തതാണ് സംഭരണശേഷിയെ പിടിച്ചുനിർത്തുന്നത്. 

തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾക്ക് കുടിവെള്ളം നൽകുന്ന ജപ്പാൻ സഹായത്തോടെയുള്ള പട്ടുവം പദ്ധതി, കണ്ണൂർ കോർപ്പറേഷനും സമീപപഞ്ചായത്തുകൾക്കും വെള്ളമെത്തിക്കുന്ന പദ്ധതി, മയ്യിൽ, നാറാത്ത്, കൊളച്ചേരി, മുണ്ടേരി, കീഴല്ലൂർ തുടങ്ങി എട്ടു പഞ്ചായത്തുകൾക്ക് വെള്ളം നൽകുന്ന കൊളച്ചേരി പദ്ധതി, തലശ്ശേരി നഗരസഭയ്ക്കും മാഹിക്കും വെള്ളം നൽകുന്ന കീഴല്ലൂർ പദ്ധതി, കൂത്തുപറമ്പ് നഗരസഭ, പാട്യം പഞ്ചായത്ത് എന്നിവയ്ക്കുള്ള പദ്ധതി, അഞ്ചരക്കണ്ടി പദ്ധതി, ഇരിട്ടി, മട്ടന്നൂർ നഗരസഭകളിൽ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി ഇവയെല്ലാം പ്ര വർത്തിക്കുന്നത് പഴശ്ശി സംഭരണിയിലാണ്. 

മറ്റു ചെറുകിട കുടിവെള്ള പദ്ധതികൾക്കും പഴശ്ശിയിൽ നിന്നു തന്നെയാണ് വെള്ളം. ചെറുപുഴ, പെരിങ്ങോം വയക്കര, ഉദയഗിരി, ആലക്കോട്, പയ്യാവൂർ തുടങ്ങിയ പഞ്ചായത്തുകൾക്ക് കുടി വെള്ളമെത്തിക്കുന്ന പദ്ധതി പഴശ്ശി പദ്ധതി പ്രദേശത്ത് പൂർത്തിയായി വരികയാണ്. ബാവലി, ബാരാപോൾ പുഴകളെ സമൃദ്ധമാക്കുന്ന അനേകം ചെറു അരുവികളും തോടുകളുമാണ് പഴശ്ശിയെ നിറയ്ക്കുന്നത്. ബ്രഹ്മഗിരി മലനിരകളുടെ വൃഷ്ടിപ്രദേശങ്ങളിൽ വേനൽമഴ ലഭിച്ചാൽ പുഴയിലേക്കുള്ള നീരൊഴുക്കിന് ശക്തി കൂടും. വരും ദിവസങ്ങളിൽ ഇതിനുള്ള സാധ്യതയും ഏറെയാണ്.

Previous Post Next Post