ദില്ലി :- ഇന്ത്യയിലും ബ്രസീലിലുമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട് വൻതോതിലുള്ള സൈബര്‍ തട്ടിപ്പ് പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തതായി ഫേസ്‍ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയുടെ അറിയിപ്പ്. ഇത്തരത്തിലുള്ള 23,000-ത്തിൽ അധികം വ്യാജ അക്കൗണ്ടുകളും പേജുകളും നീക്കം ചെയ്തതായാണ് കമ്പനി അറിയിച്ചത്.
ആളുകളെ കബളിപ്പിക്കുന്നതിനായി പ്രശസ്‍ത യൂട്യൂബർമാരുടെയും ക്രിക്കറ്റ് താരങ്ങളുടെയും ബിസിനസുകാരുടെയും വ്യാജ വീഡിയോകളും ഡീപ്‌ഫേക്കുകളും സൃഷ്‍ടിച്ചായിരുന്നു തട്ടിപ്പ്. ഈ വ്യാജ അക്കൗണ്ടുകൾ വഴി, നിക്ഷേപ ഉപദേശം നൽകാനെന്ന വ്യാജേന മെസേജിംഗ് ആപ്പുകളിലേക്ക് ആളുകളെ വിളിച്ചുവരുത്തി. തുടർന്ന് ആളുകളെ വ്യാജ വെബ്‌സൈറ്റുകളിലേക്ക് അയച്ചുകൊണ്ട് അവരുടെ പണം തട്ടിയെടുക്കുകയായിരുന്നു.
മാർച്ചിൽ ഇത്തരത്തിലുള്ള തട്ടിപ്പിൽ ഉൾപ്പെട്ട 23,000-ത്തിലധികം ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തതായി മെറ്റ റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കളെ ബോധവാന്മാരാക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു. ഓൺലൈൻ നിക്ഷേപ, പേയ്‌മെന്‍റ് തട്ടിപ്പുകൾ ഒഴിവാക്കുന്നതിനുള്ള നുറുങ്ങുകളും പ്രധാനപ്പെട്ട വിവരങ്ങളും ആളുകൾക്ക് നൽകുന്നു. അതുവഴി ഉപഭോക്താക്കൾക്ക് ഈ അപകടങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കഴിയും എന്നും മെറ്റ പറയുന്നു.
മെറ്റയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നു. ഇന്ത്യയിൽ ഫേസ്ബുക്കിന് മാത്രം 375 ദശലക്ഷത്തിലധികം (37.5 കോടി) ഉപയോക്താക്കളുണ്ട്. അതുകൊണ്ടാണ് ഇത്തരം തട്ടിപ്പുകൾ ഇന്ത്യയ്ക്ക് വലിയ ആശങ്കയാകുന്നത്. ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് മെറ്റാ സാങ്കേതികവിദ്യ, നയം, പൊതു അവബോധം എന്നിവയിൽ നിരന്തരം ഊന്നൽ നൽകുന്നു.
ഓൺലൈൻ സുരക്ഷയും ഡിജിറ്റൽ അവബോധവും പ്രോത്സാഹിപ്പിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT), ഉപഭോക്തൃകാര്യ വകുപ്പ് (DoCA), ഇന്ത്യൻ സൈബർ ക്രൈം സെന്‍റർ (I4C) തുടങ്ങിയ ഇന്ത്യൻ സർക്കാരിന്റെ നിരവധി ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മെറ്റ പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും തട്ടിപ്പുകൾ കൈകാര്യം ചെയ്യുന്നതിനായി കമ്പനി പരിശീലന വർക്ക്‌ഷോപ്പുകളും നടത്തിയിട്ടുണ്ട് എന്നും കമ്പനി പറയുന്നു.