ഇനി പടവുകൾ കയറി ഇറങ്ങേണ്ട ; കണ്ണാടിപ്പറമ്പിലെ ശരീഫിന് താങ്ങും തണലുമായി നാട്ടുകാർ, പാലം നിർമ്മിച്ചു നൽകി


കണ്ണാടിപ്പറമ്പ് :- സഞ്ചരിക്കാൻ വഴി ഇല്ലാത്തതിനെതുടർന്ന് ദുരിതമനുഭവിച്ച അംഗപരിമിതനായ കണ്ണാടിപ്പറമ്പ് സ്വദേശിക്ക് താങ്ങും തണലുമായി നാട്ടുകാർ. കുറെയേറെ പടവുകൾ താണ്ടി സ്വന്തം വീട്ടിലേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടനുഭവിച്ചിരുന്ന ശരീഫിനാണ് നാട്ടുകാരുടെ സുമനസ് കൈത്താങ്ങായത്. ഇതിന് പരിഹാരമായി നാട്ടുകാർ ചേർന്ന് പാലം നിർമിച്ചു 

നൽകി. പത്ത് വർഷം  മുമ്പ്  സർക്കാർ വക ലഭിച്ച  മുചക്ര വണ്ടി റോഡരികിൽ വെച്ച് കല്ല് കൊണ്ട് നിർമിച്ച 40 പടവുകൾ കയറിയിറങ്ങിയാണ് ശരീഫ് പുറത്ത് പോയി വരാറുള്ളത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഏറെ പ്രയാസപ്പെട്ട് പടവുകൾ കയറി ഇറങ്ങുന്ന ശരീരഫിന്റെ ദുരിതങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. കൂടാതെ താങ്ങും തണലുമായ പിതാവിന്റെ മരണ ശേഷം തൊട്ടടുത്ത ടൗണിൽ മുചക്ര വാഹനത്തിൽ പോയി സൈക്കിൾ റിപ്പയർ ജോലി ചെയ്താണ് നിത്യ ജീവിതത്തിനുള്ള വരുമാനം ശരീഫ് കണ്ടെത്തിയത്. 

ദുരിതാവസ്ഥയുടെ കാഠിന്യം മനസ്സിലാക്കിയ നാട്ടുകാർ  ഒത്തു ചേർന്ന്  വീടിന്റെ  ഒന്നാം നിലയിലേക്ക്  ഒരു  കോൺക്രീറ്റ് പാലം  നിർമിച്ചു നൽകുകയും  ചെയ്തു. ബൈത്തുസ്സകാത്ത് ചെലേരി,  കാരയാപ്പ് മഹല്ല് കൂട്ടായ്മ, തക്കാളിപ്പീടിക കൂട്ടായ്മ,വാരംകടവ് കൂട്ടായ്മ, ,തക്കാളിപ്പീടിക സലഫി മസ്ജിദ് , ഐ. ആർ. ഡബ്ലിയു കേരള കണ്ണൂർ ഘടകം തുടങ്ങിയവരും നാട്ടുകാർക്കൊപ്പം കൂടി. 

പാലത്തിന്റെ  ഉദ്ഘാടനം സി.പി അബ്ദുൽ ജബ്ബാർ മാസ്റ്ററുടെ അധ്യക്ഷതയിൽ തക്കാളിപ്പീടിക സലഫി മസ്ജിദ്  ഖത്തീബ് ഉനൈസ് പാപ്പിനിശ്ശേരി നിർവഹിച്ചു. വിവിധ കമ്മിറ്റികളെ  പ്രതിനിധീകരിച്ച്  എം.വി.പി മൊയ്‌തീൻ, ടി.അഷ്‌റഫ്‌, ജൗഹർ തക്കാളിപ്പീടിക, അറഫ നാസർ, മഹമൂദ് സി.കെ  എന്നിവർ ആശസകൾ അർപ്പിച്ചു. ഹാശിം ഫൈസി ഇർഫാനി പ്രാർത്ഥന നിർവഹിച്ചു. ഇ.വി മുഹമ്മദ്‌ കുഞ്ഞി സ്വാഗതവും നിസ്തർ  കെ.കെ നന്ദിയും  പറഞ്ഞു. 



Previous Post Next Post