കണ്ണൂർ :- മാർച്ച് 31-ന് സേവനകാലാവധി കഴിഞ്ഞ താത്കാലിക അധ്യാപകർ കോളേജ് വിദ്യാർഥികളുടെ പരീക്ഷാ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കാൻ നിർദേശം. മൂല്യനിർണയ ക്യാമ്പുകളിൽ ചില വിഷയങ്ങളിൽ പങ്കാളിത്തം കുറവായ സാഹചര്യത്തിലാണ് കണ്ണൂർ സർവകലാശാല പരീക്ഷാവിഭാഗം പ്രത്യേക ഉത്തരവിറക്കിയത്. കൊളീജിയറ്റ് വിദ്യാഭ്യാസവകുപ്പ് മുഖേന കോളേജുകളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നവരുടെ സേവനകാലാവധി മാർച്ച് 31- ന് അവസാനിച്ചതാണ്.
പ്രിൻസിപ്പൽമാർ മുഖേന താത്കാലിക അധ്യാപകരോട് ക്യാമ്പുകളിൽ പങ്കെടുക്കാൻ ഒരാഴ്ചമുമ്പ് അറിയിപ്പ് നൽകിയിരുന്നു. പങ്കെടുക്കാത്തവർ വിശദീകരണം നൽകണമെന്നും അറിയിപ്പിലുണ്ടായിരുന്നു. സേവന കാലാവധിക്കുശേഷവും ക്യാമ്പുകളിൽ പങ്കെടുക്കുന്നതിൽ പലർക്കും പ്രതിഷേധമുണ്ടായിരുന്നു. മാത്രമല്ല, മൂല്യനിർണയം നടത്തിയതിനുള്ള പ്രതിഫലം കുടിശ്ശികയായതും ചൂണ്ടിക്കാട്ടിയിരുന്നു.