പുതിയതെരു :- പുതിയതെരുവിലെ ഗതാഗതപരിഷ്കാരം ബസുടമകൾക്ക് സമയനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നുണ്ടെന്ന് ജില്ലാ ബസ് ഓപ്പറ്റേഴ്‌സ് ഓർഗനൈസേഷൻ പറഞ്ഞു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനം പുനഃപരിശോധിക്കണം. കണ്ണൂർ ഭാഗത്തുനിന്ന് കാട്ടാമ്പള്ളി, മയ്യിൽ ഭാഗങ്ങളിലേക്കുള്ള ബസുകൾ 300-ഓളം മീറ്റർ അകലെ ഹൈവേ കവലവരെ വന്ന് ചുറ്റി വീണ്ടും കാട്ടാമ്പള്ളി റോഡിൽ പ്രവേശിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അത് പഴയതുപോലെ കണ്ണൂർ ഭാഗത്തുനിന്ന് നേരിട്ട് കാട്ടാമ്പള്ളി റോഡിലേക്ക് പ്രവേശിക്കാൻ അനുമതിനൽകണം.
പോസ്റ്റ് ഓഫീസിന് മുന്നിലെ ബസ്സ്റ്റോപ്പിൽ ട്രാൻസ്ഫോർമർ മാറ്റി ബസ്ബേ സ്ഥാപിക്കാൻ രണ്ട് മാസം മുമ്പ് എടുത്ത തീരുമാനവും നടപ്പായില്ല. കാട്ടാമ്പള്ളി റോഡിലെ സ്റ്റോപ്പ് നിലവിലുള്ള സ്റ്റോപ്പിൽ നിന്ന് ട്രാഫിക് പരിഷ്ക്കരണത്തോടെ കുറെ അകലേക്ക് മാറ്റി. ഇതും യാത്രക്കാർക്കും ബസുകൾക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റോപ്പ് പുതിയതെരുവിൽ ഏതെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. പുതിയതെരുവിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന 10 ബസുകൾക്ക് സമയക്രമീകരണത്തിന്റെ പേരിൽ മറ്റൊരു പ്രതിസന്ധിയുണ്ട്. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗങ്ങളിൽ ബസുടമസ്ഥ സംഘം പ്രതിനിധികളെ പങ്കെടുപ്പിക്കാത്തത് പ്രതിഷേധാർഹമാണെന്നും ഓർഗനൈസേഷൻ പ്രസിഡൻറ് പി.കെ പവിത്രൻ പറഞ്ഞു.