കണ്ണൂർ :- കണ്ണപുരത്ത് തെരുവുവിളക്കിന്റെ സോളാർ പാനൽ തലയിൽ വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസയച്ചു. 15 ദിവസത്തിനകം കണ്ണപുരം പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ജൂൺ 16ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിലാണ് സോളാർ പാനൽ അടർന്ന് വീണ് കണ്ണപുരം കീഴറയിലെ പി.സി ആദിത്യൻ (19) മരിച്ചത്. മോറാഴ സ്റ്റെംസ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. ഏപ്രിൽ 23 ന് ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. വെള്ളിക്കീൽ-കീഴറ തീരദേശ റോഡിൽ വള്ളുവൻകടവിൽ സ്ഥാപിച്ച സോളാർ വിളക്കിന്റെ പാനലാണ് പൊട്ടിവീണത്. മംഗളുരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.