മട്ടന്നൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം ജിദ്ദയിലെത്തി


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ഹജ് തീർഥാടകസംഘം ജിദ്ദയിൽ എത്തി. ഇന്നലെ വെളുപ്പിന് 4.20ന് കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം സംഘാടകസമിതി ചെയർമാൻ മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ എൻ.ഷാജിത്തും കിയാൽ എംഡി സി.ദിനേശ് കുമാറും ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു.

പ്രാദേശിക സമയം രാവിലെ 7.30ന് യാത്രക്കാർ ജിദ്ദയിൽ എത്തി. 82 സ്ത്രീകളും 88 പുരു ഷൻമാരും അടക്കം 170 പേരാണ് ആദ്യ വിമാനത്തിൽ യാത്ര ചെയ്തത്‌. എയർ ഇന്ത്യ എക്സ്‌പ്രസിൻ്റെ ഐഎക്സ്3041 നമ്പർ വിമാനമാണ് സർവീസ് നടത്തിയത്. 

സംസ്‌ഥാനജ് കമ്മിറ്റി അംഗങ്ങളായ പി.പി മുഹമ്മദ് റാഫി, ഒ.വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, മുൻ എംഎൽഎ എം.വി ജയരാജൻ, എകെജി ആശുപത്രി പ്രസിഡന്റ് പി.പുരുഷോത്തമൻ, ഹജ് സെൽ ഓഫിസർ എസ്.നജീബ്, ഹജ് ക്യാംപ് നോഡൽ ഓഫിസർ എം.സി.കെ അബ്ദുൽ ഗഫൂർ എന്നിവരും ആദ്യ ഹജ് സംഘത്തെ യാത്രയാക്കാൻ എത്തിയിരുന്നു. 

ഇന്നലെ വൈകിട്ട് 7.15ന് പുറപ്പെട്ട രണ്ടാമത്തെ വിമാനത്തിലെ യാത്രക്കാരും പ്രാദേശിക സമയം രാത്രി 11ന് ജിദ്ദയിൽ എത്തിച്ചേർന്നു. ഇതോടെ കണ്ണൂർ ഹജ്ക്യാംപിൽ നിന്ന് 154 സ്ത്രീകളും 186 പുരുഷന്മാരും അടക്കം ആകെ 340 പേർ ജിദ്ദയിലെത്തി. ഇന്നും നാളെയും വനിതകളുമായുള്ള വിമാനമാണ് ഹജിന് പുറപ്പെടുന്നത്.

Previous Post Next Post