തൃശൂരിൽ പൂരാവേശം കൊട്ടിക്കയറി ; വൈകുന്നേരം തേക്കെ നടയിൽ കുടമാറ്റം


തൃശൂര്‍ :- തൃശൂരിൽ കൊട്ടിക്കയറി പൂരാവേശം. തേക്കിൻകാട് മൈതാനവും തൃശൂര്‍ സ്വരാജ് റൗണ്ടും വടക്കുന്നാഥ സന്നിധിയുമെല്ലാം പൂരാവേശത്തിൽ അലിഞ്ഞിരിക്കുകയാണ്. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്. ഏഴരയോടെ തിരുവമ്പാടിയുടെ എഴുന്നള്ളപ്പ് ആരംഭിച്ചു.

പിന്നാലെ വിവിധ ഘടക പൂരങ്ങൾ എഴുന്നള്ളിത്തുടങ്ങി. ഇതോടെ ഉത്സവങ്ങളിലെ ആനപ്രേമികളുടെ ഹീറോ ആയോ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വരവിനായാണ് ഏറെ പേര്‍ കാത്തിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി. ഘടക പൂരങ്ങള്‍ വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളികൊണ്ടിരിക്കുകയാണ്.  

11.30 ഓടെ മഠത്തിൽ വരവ് ആരംഭിച്ചു. മഠത്തിൽവരവിനൊപ്പമുള്ള പഞ്ചവാദ്യം കാണാനായി നിരവധിപേരാണ് ഒത്തുചേര്‍ന്നിരിക്കുന്നത്. കോങ്ങാട് മധുവിന്‍റെ നേതൃത്വത്തിലാണ് പഞ്ചവാദ്യം. പന്ത്രണ്ടരയോടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെടും. രണ്ടുമണിയോടെയാണ് ഇലഞ്ഞിത്തറ മേളം. വൈകീട്ട് അ‍ഞ്ചരയ്ക്ക് തേക്കെ നടയിലാണ് കുടമാറ്റം. നാളെ പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക. പൂരത്തിന്‍റെ ഹൈലൈറ്റായ ഇലഞ്ഞിത്തറ മേളത്തിനും കുടമാറ്റത്തിനുമായി കാത്തിരിക്കുകയാണ് പൂരപ്രേമികള്‍.

Previous Post Next Post