ദില്ലി :- പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് യുഎൻ രക്ഷാസമിതി. നിലവിലെ സാഹചര്യം വിലയിരുത്തിയ രക്ഷാ സമിതി, ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആണവ ഭീഷണി മുഴക്കുന്നതിനെ ചോദ്യം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി നിലനിൽക്കുന്ന വേളയിൽ പാക്കിസ്ഥാൻ മിസൈൽ പരീക്ഷണങ്ങൾ നടത്തിയതിനെയും രക്ഷാ സമിതി യോഗത്തിൽ പല രാജ്യങ്ങളും വിമർശിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ നടന്ന കൂട്ടക്കൊലയെ രക്ഷാ സമിതി അംഗരാജ്യങ്ങൾ അപലപിച്ചു. ഭീകരാക്രമണത്തിനെതിരെ പാകിസ്ഥാൻ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും രക്ഷാസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷ സാധ്യത കനക്കവേ വിവിധ സംസ്ഥാനങ്ങൾ ഇന്നു മുതൽ അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പ് തുടങ്ങും. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താനാണ് കേന്ദ്രം ഇന്നലെ നിർദ്ദേശം നല്കിയത്. ഇതിനുള്ള ഏഴ് നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്ലാ ചീഫ് സെക്രട്ടറിമാർക്കും അയച്ചു. വ്യോമ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കാനുള്ള എയർ റെയിഡ് സൈറൻ സ്ഥാപിക്കുക.
അടിയന്തര ഒഴിപ്പിക്കൽ സ്വീകരിക്കുക, തന്ത്രപ്രധാന കേന്ദ്രങ്ങൾ പെട്ടെന്ന് കണ്ടെത്താതിരിക്കാനുള്ള നടപടി എടുക്കുക, വിദ്യാർത്ഥികൾക്കടക്കം പരിശീലനം നൽകുക തുടങ്ങിയ നിർദ്ദേശങ്ങൾ കേന്ദ്രം നൽകി. പഞ്ചാബിൽ കഴിഞ്ഞ ദിവസം ഇതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. പാകിസ്ഥാനിലേക്ക് ജലമൊഴുക്ക് കുറയ്ക്കാൻ കൂടുതൽ നടപടികൾ ഇന്ന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും.