വിഷ്ണുഭാരതീയൻ നവോത്ഥാനത്തിൻ്റെ മുന്നണിപ്പോരാളി -ഡോ. അനിൽ ചേലേമ്പ്ര


കരിങ്കൽക്കുഴി :- വർണവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കെട്ടി ഉയർത്തപ്പെട്ട സാമൂഹ്യഘടനയെ അതിനുള്ളിൽ നിന്നുകൊണ്ടുതന്നെ എതിർത്ത് തോൽപ്പിക്കുവാനും അതുവഴി നവോത്ഥാന പ്രക്രിയയെ മുന്നോട്ട് നയിക്കുകയും ചെയ്തവരിൽ ഒരാളാണ് വിഷ്ണുഭാരതീയൻ എന്ന് തിരൂർ തുഞ്ചൻപറമ്പ് മലയാളം സർവകലാശാല എഴുത്തച്ഛൻ പഠനവിഭാഗം ഡയരക്ടർ ഡോ.അനിൽ ചേലേമ്പ്ര പറഞ്ഞു.സവർണ്ണ ജാതിവ്യവസ്ഥയെ പുരസ്ക്കരിച്ചാണ് അവർ ജീവിച്ചിരുന്നതെങ്കിൽ കേരളം ഇന്നത്തെ കേരളമാവുകയില്ല. വി. ടി. ഭട്ടതിരിപ്പാടിനെയും ഭാരതീയനെയും പോലുള്ളവർ സ്വന്തം ജീവിത പശ്ചാത്തലങ്ങളെ സ്വയം വിമർശനപരമായി നേരിട്ടുകൊണ്ട് മുന്നേറിയവരാണ്. നവോത്ഥാനം എന്നത് കേവലം ഗൃഹാതുരത ഉണർത്തുന്ന ഓർമ്മയല്ല. സമൂഹത്തെ അനുദിനം നവീകരിക്കുന്ന പ്രക്രിയയാണ് അദ്ദേഹം പറഞ്ഞു.

കരിങ്കൽക്കുഴി KS & AC സംഘടിപ്പിച്ച വിഷ്ണു ഭാരതീയൻ അനുസ്മരണ പരിപാടിയിൽ കേരള നവോത്ഥാനം പരിമിതികൾ പ്രതിസന്ധികൾ എന്ന വിഷയത്തിൽ ഈ വർഷത്തെസ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ആചാരങ്ങളെ ലംഘിക്കാനും പരിഷ്കരിക്കാനും തിരുത്താനും നടത്തിയ പ്രവർത്തനമാണ് നവോത്ഥാനം എങ്കിൽ ഇന്ന് അതെല്ലാം പുതിയ രൂപത്തിൽ തിരിച്ചുവരികയാണ്. കേരളം രാഷ്ട്രീയമായി പുരോഗമനപക്ഷത്ത് നിൽക്കുമ്പോഴും സാംസ്കാരികമായി പുനരുത്ഥാനത്തെ പുണരുകയാണ്.തീവ്രവാദികൾക്കെതിരെ ഇന്ത്യ ഗവൺമെൻറ് നടപ്പിലാക്കിയ പദ്ധതിക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് വന്നത് എങ്ങനെ എന്ന് ആരും ചോദിക്കുന്നില്ല.കൊല്ലപ്പെട്ടവർ ഹിന്ദുക്കളാണെന്നും അവരുടെ ഭാര്യമാർ സിന്ദൂരം തൊടുന്നവരാണെന്നും അതുകൊണ്ട് രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാളും ആചാരം സംരക്ഷിക്കലാണ് പ്രധാനം എന്നും അതിലൂടെ പറയാതെ പറഞ്ഞുവെക്കുന്നുണ്ട്. സൈനികമായ ആക് ഷനെ പോലും ആചാരത്തിന്റെ പേരിൽ അടയാളപ്പെടുത്തുന്ന രാജ്യമായി നമ്മൾ മാറിക്കൊണ്ടിരിക്കുകയാണ്. സുവർണ്ണ ജൂബിലി സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി നടന്ന സാഹിതീയം ഫെസ്റ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ജനറൽ കൺവീനർ വി.വി. ശ്രീനിവാസൻ അധ്യക്ഷനായി. വിജേഷ് നണിയൂർ സ്വാഗതം പറഞ്ഞു. 

കവി വീരാൻകുട്ടി കവിതയുടെ പുതുവഴികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.നമിത എൻ.സി ആയിരുന്നു ക്യാമ്പ് ഡയരക്ടർ.അമൃത കേളകം, ഒ.എം രാമകൃഷ്ണൻ, ടിപി നിഷ , രതീശൻ ചെക്കിക്കുളം എന്നിവർ സംസാരിച്ചു .രമേശൻ നണിയൂർ സ്വാഗതം പറഞ്ഞു.കഥയുടെ വർത്തമാനം സെഷൻ നോവലിസ്റ്റ് രമേശൻ ബ്ലാത്തൂർ നയിച്ചു. ഡോ. കെ വി സരിത,ഇയ്യ വളപട്ടണം, വി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.ഭാസ്കരൻ പി നണിയൂർ സ്വാഗതം പറഞ്ഞു.സമാപന സമ്മേളനത്തിൽ താഹ മാടായി ജീവിതത്തിന്റെ ഉള്ളടരുകൾ എന്ന വിഷയത്തിൽ സംവദിച്ചു. എ വി രജിത്ത് സ്വാഗതവും അനഘ ജനാർദ്ദനൻ നന്ദിയും പറഞ്ഞു.







Previous Post Next Post