കല്യാണ വീട്ടിൽ നിന്ന് മോഷണം പോയ ആഭരണങ്ങൾ വീട്ടുമുറ്റത്ത് നിന്ന് ലഭിച്ച സംഭവം ; ബന്ധുവായ യുവതി പിടിയിൽ


കണ്ണൂർ :- കരിവെള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് നവവധുവിന്റെ 30 പവൻ ആഭരണം മോഷണം പോയ സംഭവത്തിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വരന്റെ ബന്ധുവായ കൂത്തുപറമ്പ് സ്വദേശിയാണ് അറസ്റ്റിലായത്. സ്വർണത്തോടുള്ള ഭ്രമം കൊണ്ട് എടുത്തെന്നാണ് കസ്റ്റഡിയിലെടുത്തപ്പോൾ യുവതി പൊലീസിന് മൊഴി നൽകിയത്. പിടിക്കപ്പെടുമെന്നായപ്പോൾ ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്തു കൊണ്ടുവെച്ചുവെന്നും യുവതി പറഞ്ഞു.

കല്യാണ ദിവസമായ മെയ് 1 ന് രാത്രി 7 മണിയോടെയാണ് സ്വർണം കാണാതായത്. വൈകിട്ട് ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നായിരുന്നു പരാതി. തുടർന്ന് മെയ് 7ന് രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു സ്വർണാഭരണങ്ങൾ. പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് സ്വർണം ഒന്നുപോലും നഷ്ടമാകാതെ തിരികെ ലഭിച്ചത്. സംഭവത്തിൽ ബന്ധുവായ യുവതിയെ ഇന്ന് രാവിലെയാണ് പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

Previous Post Next Post