കൽപ്പറ്റ :- ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വേദനക്കിടയിലും എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടി വയനാട്ടിലെ വെള്ളാർമല ഹൈസ്കൂൾ. 55 കുട്ടികളാണ് വെള്ളാർമല ഹൈസ്കൂളിൽ നിന്നും പത്താംതരം പരീക്ഷ എഴുതിയത്. ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ വെള്ളാർ മലയിലെ 32 കുട്ടികൾ മരിച്ചിരുന്നു. ഇതിൽ ഏഴുപേർ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടതായിരുന്നു.
സ്കൂൾ കെട്ടിടം തകർന്നതിനാൽ മേപ്പാടി സ്കൂളിനോടൊപ്പമുള്ള കെട്ടിടത്തിലാണ് ഇപ്പോൾ വെള്ളാർമല സ്കൂളും പ്രവർത്തിക്കുന്നത്. അതിജീവനത്തിന്റെ മഹാശക്തിയാണ് വെള്ളാർമല ഹൈസ്കൂളിലെ കുട്ടികളുടെ വിജയമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവൻകുട്ടി പറഞ്ഞു. ദുരന്തം നാശം വിതച്ച വയനാട്ടിലെ വെള്ളാർമല ഗവൺമെന്റ് വി എച്ച് എസ് എസിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 55 പേരിൽ 55 പേരും ഉപരിപഠനത്തിന് യോഗ്യത നേടിയത് ഏറെ സന്തോഷം നൽകുന്നതാണ്. വെള്ളാർമല ജി വി എച്ച് എസ് എസ് സ്കൂളിലെ ഉണ്ണി മാഷെ വിളിച്ച് അഭിനന്ദനം അറിയിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ നേരുന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 99.5 ശതമാനം ആണ് ഈ വർഷത്തെ എസ്എസ് എൽസി വിജയശതമാനം. 61449 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എപ്ലസാണ്. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലക്കാണ്. വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ സ്കൂളുകളുടെ സ്ഥിതി പ്രത്യേകം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. പരീക്ഷ എഴുതിയ 42,4583 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാൾ വിജയം .19 ശതമാനം കുറവാണ്.
കണ്ണൂര്‍ ജില്ലയിലാണ് ഇത്തവണ വിജയശതമാനം ഏറ്റവും കൂടുതൽ. കുറവ് തിരുവനന്തപുരത്തും. വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ സ്കൂളുകളുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. പ്രത്യേക പരിശോധന ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പുനര്‍ മൂല്യ നിര്‍ണ്ണയം സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം.