ദില്ലി :- പാക് ആക്രമണത്തില്‍ ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന റൈഫിള്‍മാന്‍ സുനില്‍ കുമാറാണ് മരിച്ചത്. ആര്‍എസ് പുരയില്‍ നടന്ന ആക്രമണത്തിലാണ് സുനില്‍കുമാറിന് പരിക്കേറ്റത്. 25 വയസായിരുന്നു പ്രായം. ജമ്മുകശ്മീര്‍ സ്വദേശിയാണ്. ഉധംപൂരിൽ പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാനും ഇന്ന് രാവിലെ വീരമൃത്യു വരിച്ചു. രാജസ്ഥാനിലെ ജുൻജുനു സ്വദേശി സുരേന്ദ്ര കുമാറാണ് മരിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
ഇതുവരെ നാല് സൈനികരും ഒരു ബിഎസ്എഫ് ജവാനുമാണ് വീര മൃത്യു വരിച്ചത്. ജമ്മുവിലെ ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചിരുന്നു. ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിർത്തി മേഖലയിലെ ഇന്ത്യൻ പോസ്റ്റിൻ്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായതിന് ശേഷം അന്താരാഷ്ട്ര അതിർത്തിയിൽ സൈനിക പോസ്റ്റുകൾക്ക് നേരെയും ഗ്രാമങ്ങളിലേക്കും പാകിസ്ഥാൻ വലിയ തോതിൽ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇത് പ്രതിരോധിക്കാൻ ശക്തമായി ബിഎസ്എഫ് ശ്രമിക്കുന്നതിനിടെയാണ് ഒടുവിൽ മുഹമ്മദ് ഇംതിയാസും ജീവൻ വെടിഞ്ഞത്. ഇദ്ദേഹത്തിൻ്റെ വിയോഗത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.