ദില്ലി :- ചാരപ്രവർത്തനത്തിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപും പാകിസ്ഥാൻ സന്ദർശിച്ചെന്ന് ഹരിയാന പൊലീസ്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പൊലീസ് അറിയിച്ചു.
ജ്യോതി പാകിസ്ഥാനിലേക്ക് പോയതെല്ലാം സ്പോൺസർമാരുടെ സഹായത്തോടെയാണ്. ദില്ലിയിലെ പാകിസ്ഥാൻ ഹൈകമ്മീഷനിൽ നടന്ന ഇഫ്താർ വിരുന്നിലും ജ്യോതി പങ്കെടുത്തു. ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥൻ ഡാനിഷ് അടക്കമുള്ളവരോടൊപ്പമുള്ള ജ്യോതിയുടെ വീഡിയോ യൂട്യൂബ് ചാനലിലുണ്ട്. മെയ് 13 ന് ഈ ഉദ്യോഗസ്ഥനോട് ഇന്ത്യ വിടാൻ അധികൃതർ നിർദേശിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽ സ്വാധീനമുള്ളവരെ പാക് രഹസ്യാന്വേഷണ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഹരിയാന പൊലീസ് പറഞ്ഞു. ജ്യോതിയുടെ
വരുമാനത്തിന്‍റെ ഉറവിടം സംബന്ധിച്ചും വിദേശ യാത്രകൾ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ജ്യോതി മൽഹോത്ര ?
ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജ്യോതി. ട്രൈവൽ വ്ലോഗറായതോടെ പ്രശസ്തയായി. ട്രാവൽ വിത്ത് ജോ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്നു. യൂ ട്യൂബിൽ ഇവർക്ക് 377,000-ത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട്. അന്താരാഷ്ട്ര യാത്രാ വിവരങ്ങളാണ് കൂടുതലും പങ്കുവെക്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള അവരുടെ ഏറ്റവും പുതിയ വീഡിയോകൾ കഴിഞ്ഞ മാസമാണ് പോസ്റ്റ് ചെയ്തത്.
2025 മാർച്ച് 22 ന് ജ്യോതി മൽഹോത്ര അപ്‌ലോഡ് ചെ യ്തഫോട്ടോയിൽ, അവർ മറ്റ് രണ്ട് ഇന്ത്യൻ യൂട്യൂബർമാരോടൊപ്പം പാകിസ്ഥാൻ ഹൈക്കമ്മീഷനിലാണെന്ന് പറഞ്ഞ് ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു.
എഫ്‌ഐആറിൽ പറയുന്നത്, ജ്യോതി വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് എന്നിവ ഉപയോഗിച്ച് പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി പതിവായി ബന്ധപ്പെട്ടിരുന്നു എന്നാണ്. തന്ത്രപ്രധാനമായ വിവരങ്ങൾ അവരുമായി പങ്കുവെച്ചതായും അവരുടെ കോൺടാക്റ്റ് വിവരങ്ങൾ വ്യാജ പേരിൽ സൂക്ഷിച്ച് മറച്ചുവെക്കാൻ ശ്രമിച്ചതായും പറയുന്നു.
ഇതുവരെ ചാരപ്രവർത്തനത്തിന് അറസ്റ്റിലായത് ഒൻപത് പേർ
1 ജ്യോതി മൽഹോത്ര- ഹരിയാന സ്വദേശിയായ വ്ലോഗർ
2 ദേവേന്ദർ സിംഗ് ധില്ലൺ- ഹരിയാന സ്വദേശിയായ വിദ്യാർത്ഥി
3 നൗമാൻ ഇലാഹി- യുപി കൈരാന സ്വദേശിയായ യുവാവ്
4 ഗുസാല- പഞ്ചാബ് മലേർകോട്ല സ്വദേശിനിയായ യുവതി
5 യാമീൻ മൊഹമ്മദ്- മലേർകോട്ല സ്വദേശിയായ യുവാവ്
6 അർമാൻ നൂഹ്- ഹരിയാന സ്വദേശിയായ യുവാവ്
7 പാലക് ഷേർ മാസിഹ്- അമൃത്സർ
8 സുരാജ് മാസിഹ്- അമൃത്സർ
9 ഷഹ്സാദ്, രാംപൂർ- യുപി