പേവിഷബാധയെതിരായ വാക്സിൻ ഫലപ്രദം ; മരണത്തിന് കാരണമാകുന്നത് നായയുടെ കടിയേറ്റുണ്ടാകുന്ന ആഴത്തിലുള്ള മുറിവെന്ന് വിദഗ്ദർ


തിരുവനന്തപുരം:-  പേവിഷബാധയെതിരായ വാക്സിൻ ഫലപ്രദമാണെന്നും നായയുടെ കടിയേറ്റ് ആഴത്തിലുണ്ടാവുന്ന മുറിവാണ് പലപ്പോഴും അപകടകാരണമാകുന്നതെന്നും വിദഗ്‌ധർ. അടുത്ത ദിവസങ്ങളിൽ തെരുവുനായയുടെ കടിയേറ്റ് വിവിധ ജില്ലകളിലായി മൂന്നുകുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റേതടക്കമുള്ള വിശദീകരണം. വാക്സിനെതിരായ പ്രചാരണം അപകടകരമാണെന്നും അവർ വ്യക്തമാക്കുന്നു.

വാക്സിൻ ഫലപ്രാപ്തി സംബന്ധിച്ച് കൊല്ലം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോ. പ്രൊഫസർ ഡോ. എസ്.ചിന്തയുടെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയിരുന്നു. 2022-ൽ പേവിഷബാധയേറ്റ് 22-ലധികം മരണമുണ്ടായ സാഹചര്യത്തിലായിരുന്നു പഠനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിവന്റീവ് മെഡിസിനിലേതടക്കം 150-ൽ അധികം സാംപിളുകളാണ് അവർ പരിശോധിച്ചത്. അഞ്ചുവർഷത്തിനുള്ളിൽ വാക്സിനെടുത്ത എല്ലാവരിലും പ്രതിരോധത്തിനുള്ള 'പ്രൊട്ടക്ടീവ് ആന്റിബോഡി' ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞവർഷം പൂർത്തിയായ ഈ പഠനം വാക്സിൻ ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഡോ. ചിന്ത പറഞ്ഞു.

തൊലിപ്പുറത്തും മസിലിലും കുത്തിവെപ്പ് നടത്തിയവരിൽ വാക്സിൻ ഒരുപോലെ ഫലപ്രദമാണെന്നും കണ്ടെത്തിയിരുന്നു. ആഴത്തിലു ള്ള മുറിവുകൾ കാരണം വൈറസ് നേരിട്ട് നാഡികളിലെത്തുന്നതാണ് അപൂർവമായെങ്കിലും മരണകാരണമാകുന്നത്. മുഖം, കൈകൾ എന്നിവിടങ്ങളിൽ കടിയേറ്റാൽ മൃഗത്തിന്റെ ഉമിനീര് നാഡികളുമായി സമ്പർക്കത്തിൽ വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം അവസരങ്ങളിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപുതന്നെ വൈറസ് തലച്ചോറിലെത്തും.

മൃഗങ്ങളുടെ കടിയേറ്റാൽ സോപ്പും വെള്ളവും ഉപയോഗിച്ച് ആ ഭാഗം കഴുകുന്നതിലൂടെ പരമാവധി വൈറസിനെ ഒഴിവാക്കി അവ നാഡികളിൽ എത്താനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും. കഴിയുന്നത്രവേഗം എല്ലാ മുറിവുകളും 15 മിനിറ്റെങ്കിലും ഒഴുകുന്ന ടാപ്പ് വെള്ളത്തിലോ തുടർച്ചയായി വെള്ളമൊഴിച്ചോ, സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. ചോരവരുന്ന എല്ലാ മുറിവുകളിലും ഇമ്യൂണോഗ്ലോബുലിൻ കുത്തിവെപ്പ് ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. വാക്സിൻ എടുത്തവരിൽ രാജ്യാന്തര മാനദണ്ഡമനുസരിച്ചുള്ള പ്രതിരോധം രൂപപ്പെടുന്നുണ്ടെന്ന് 2022-ൽ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്‌ധസമിതിയും കണ്ടെത്തിയിരുന്നു.

Previous Post Next Post