ദില്ലി :- പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാന്‍ ഇന്ത്യ. സംയുക്ത സൈനിക മേധാവിയും സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ആക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചു. യോഗ തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. യുദ്ധ സമാന സാഹചര്യം ഔദ്യോഗിക യുദ്ധ പ്രഖ്യാപനത്തിലേക്ക് നീങ്ങുമോയെന്നതിലാണ് ആകാംക്ഷ. ഇന്ത്യയുടെ തുടര്‍ നീക്കങ്ങളിലടക്കം നിര്‍ണായകമാകുന്ന ഉന്നതല യോഗമാണ് ദില്ലിയിൽ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ നടന്നത്.
നിലവിലെ സുരക്ഷാ സാഹചര്യമടക്കം യോഗത്തിൽ ചര്‍ച്ചയായി. സൈനിക മേധാവിമാരും പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമടക്കമുള്ളവര്‍ യോഗത്തിനിടെ ചിരിക്കുന്ന ചിത്രമാണ് കേന്ദ്രം പുറത്തുവിട്ടത്. സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദിവേദി, എയര്‍ ചീഫ് മാര്‍ഷൽ എപി സിങ്. നാവിക സേന മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
പതിനഞ്ച് ഇന്ത്യൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്നലെ രണ്ടു തവണ നടത്തിയ ആക്രമണ ശ്രമം പൊളിഞ്ഞിട്ടും പിന്മാറാതെ പാകിസ്ഥാൻ ആക്രമണ ശ്രമം തുടരുകയാണ്. ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ നടത്താനായി സാംബ ജില്ലയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴു ഭീകരരെ അതിർത്തി രക്ഷാ സേന വധിച്ചു.
ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ആണ് സൂചന. ഇന്ത്യൻ നഗരങ്ങൾ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു. ഇതിനുപിന്നാലെ ആണ് നുഴഞ്ഞു കയറ്റ ശ്രമം നടന്നത്. ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്താന്‍റെ സൈനിക പോസ്റ്റ് തകർന്നു. നുഴഞ്ഞുകയറ്റ സംഘത്തെ വകവരുത്തുന്ന ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു.