ന്യൂഡൽഹി :- ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂല്യനിർണയത്തിനുള്ള നാക് (നാഷണൽ അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ) അക്രെഡിറ്റേഷൻ രീതി ഓൺലൈനാക്കി മാറ്റുന്നു. കോളേജുകളിൽ നേരിട്ടെത്തി പരിശോധിക്കുന്നതിനുപകരം ആധികാരിക രേഖകൾ ഓൺലൈനായി പരിശോധിച്ച് മൂല്യനിർണയം നടത്താനാണ് ആലോചന. ഇതിനായി നിർമിതബുദ്ധിയും പ്രയോജനപ്പെടുത്തും. ഉയർന്ന റാങ്കിങ്ങിനായി നേരിട്ടുള്ള പരിശോധനയുണ്ടാകാം. വ്യാജരേഖകൾ സമർപ്പിച്ചാൽ സ്ഥാപനത്തെ അക്രെഡി റ്റേഷനിൽ നിന്ന് മൂന്നുവർഷം വരെ വിലക്കാനും വ്യവസ്ഥയുണ്ട്. പുതിയരീതി ഓഗസ്റ്റിൽ തുടങ്ങും.
വരുന്ന അഞ്ചുവർഷത്തിനിടെ രാജ്യത്തെ 90 ശതമാനം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അക്രെഡിറ്റേഷൻ സംവിധാനത്തിൻ്റെ പരിധിയിൽക്കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് നാക് ചെയർമാൻ പ്രൊഫ.അനിൽ സഹസ്രബുഡെ പറഞ്ഞു. ഇപ്പോൾ ഓൺലൈനായി തെളിവുകൾ സ്വീകരിക്കുന്നത് 70 ശതമാനം മാത്രമാണ്. ബാക്കി 30 ശതമാനം നേരിട്ടുള്ള പരിശോധനകളിലൂടെ ഉറപ്പാക്കും. നേരിട്ടുള്ള പരിശോധനയിൽ പലപ്പോഴും അഴിമതിയുണ്ടാകുന്നതായി ആരോപണമുയർന്നിരുന്നു. രേഖകൾ ഓൺലൈനായി പരിശോധിക്കുമ്പോൾ കൂടുതൽ സുതാര്യതയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അക്രെഡിറ്റേഷൻ രീതിയിൽ സമഗ്രമാറ്റം വേണമെന്ന് 2022-ൽ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച ഐഎസ്ആർഒ മുൻമേധാവി കെ.രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സമിതി ശുപാർശ ചെയ്തിരുന്നു. അതനുസരിച്ചാണ് മാറ്റം കൊണ്ടു രുന്നത്. 40 ശതമാനത്തോളം സർവകലാശാലകളും 20 ശതമാനത്തോളം കോളേജുകളും മാത്രമേ ഇപ്പോൾ അക്രെഡിറ്റേഷൻ നേടിയിട്ടുള്ളൂ. ഓൺലൈനാകുന്നതോടെ കൂടുതൽ സ്ഥാപനങ്ങൾ അക്രെഡിറ്റേഷനുവേണ്ടി മുന്നോട്ടുവരുമെന്ന് കരുതുന്നു.