മഴക്കാല യാത്രികരേ ; വണ്ടിയും കൊണ്ട് റോഡിൽ ഇറങ്ങുമ്പോൾ ശ്രദ്ധവേണം, ഇരുചക്ര വാഹന യാത്രികർക്ക് മുന്നറിയിപ്പ്


തിരുവനന്തപുരം :- കാലവർഷം എത്തിയതോടെ മഴക്കാല യാത്രകൾ ആസ്വദിക്കാനായി തയ്യാറെടുക്കുന്നവര്‍ ഏറെയാണ്. മഴയും മഞ്ഞും കാറ്റും പച്ചപ്പുമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വശ്യസൗന്ദര്യം തേടി കാടും മലയും കയറുന്നത് പലരുടെയും ഹോബിയാണ്. എന്നാൽ, മഴക്കാലത്ത് ഇരുചക്ര വാഹനങ്ങളിൽ ട്രിപ്പ് പ്ലാൻ ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇരുചക്ര വാഹനങ്ങള്‍ മഴക്കാലത്ത് ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്കായി എംവിഡി പങ്കുവെച്ച ചില കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.

ഉൾപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ഇടറോഡുകളിലും മറ്റും ‘ചെക്കിംഗ്’ ഇല്ല എന്ന മുൻവിധിയിൽ ഹെൽമറ്റ് ഉപയോഗിക്കാതെ പലരും യാത്ര ചെയ്യാറുണ്ട്. ഇത് വലിയ അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. കൂടുതൽ കാഴ്ച പ്രദാനം ചെയ്യുന്ന വൃത്തിയായ പ്ലെയിൻ ഗ്ലാസോടു കൂടിയ ഗുണനിലവാരമുള്ള ഹെൽമറ്റ് നിർബന്ധമായും ഉപയോഗിക്കണം. സ്ട്രാപ്പ് ഇല്ലാത്ത ഹെൽമറ്റ്, കാണാൻ ‘‘ഷോ’’യ്ക്കു വയ്ക്കുന്ന ഹെൽമറ്റുകൾ, ഇരുണ്ട ഗ്ലാസോട് കൂടിയ ഹെൽമറ്റുകൾ എന്നിവ മഴക്കാലത്ത് ഉപയോഗിക്കരുത്.

മഴക്കാലത്ത് കണ്ണിനു മുകളിൽ ഒരു കൈ പിടിച്ച് വാഹനം ഓടിക്കുന്നവരുണ്ട്. വാഹനത്തിന്റെ പിൻസീറ്റിൽ ഇരുന്ന് കുട നിവർത്തി ഡ്രൈവിങ്ങിനെ സഹായിക്കുന്നവരുമുണ്ട്. ചിലര്‍ ഒരു കുട കയ്യിൽ പിടിച്ചും മറ്റേ കയ്യിൽ ആക്സിലേറ്ററുമായും വാഹനം ഓടിക്കുന്നതും കാണാം. ഇവയെല്ലാം അപകട സാധ്യത വര്‍ധിപ്പിക്കുന്ന കാര്യങ്ങളാണ്. മഴക്കാലത്ത് ഫോൺ നനയാതെ സംരക്ഷിക്കുകയും പകരം ഹെഡ്സെറ്റ് ഉപയോഗിച്ച് പാട്ട് കേട്ട് വാഹനം ഓടിക്കുന്നവരുണ്ട്. ഇത്തരം ശീലങ്ങൾ ദയവായി ഒഴിവാക്കുക. ‘ബ്ലൂ ടൂത്ത്’ ഉപകരണത്തിന്റെ ഉപയോഗവും ഒഴിവാക്കാം.

മഴ തുടങ്ങുന്നതിന്നു തൊട്ടുമുൻപു ലക്ഷ്യത്തിലെത്താൻ കുതിച്ചു പായുന്ന ടൂവീലറുകളെ നിരത്തിൽ കാണാം. ഈ തത്രപ്പാടിൽ ട്രാഫിക് സിഗ്‌നലുകൾക്കും സ്പീഡ് പരിധിക്കും പ്രസക്തിയില്ല. അതിനാൽ റെയിൻകോട്ടും മറ്റും ആദ്യമേ ധരിച്ച് ഇത്തരം ധൃതിയിൽ നിന്ന് സ്വയം ഒഴിവാകാം. ബ്ലോക്കുകളിലും മറ്റും ലൈൻ വെട്ടിച്ചു വെട്ടിച്ച് യാത്ര ചെയ്യാതിരിക്കുക. മറ്റു വാഹനങ്ങൾ ഇത്തരം അപ്രതീക്ഷിത ‘നുഴഞ്ഞുകയറ്റം’ കാരണം അപകടത്തിൽപ്പെട്ടേക്കാം. അതുപോലെ തന്നെ മഴയത്ത് പൊലീസ്, എം വി ഡി ചെക്കിംഗിന് സാധ്യത കുറവാണ് എന്ന മുൻവിധിയിൽ മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക.

ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നത് കൊണ്ട് ടൂവീലർ ഡ്രൈവർമാർ രണ്ട് കയ്യും ഹാൻഡിലിൽ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക. ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്. വാഹനം കൈമാറി ഉപയോഗിക്കുന്നത് മഴക്കാലത്ത് പൂർണമായും ഒഴിവാക്കേണ്ടതാണ്. സൂപ്പർ ‍ബൈക്കുകളും മറ്റും ഒരു കാരണവശാലും കൂട്ടുകാർക്ക് ‘കടം’ കൊടുക്കാതിരിക്കുക.

മഴക്കാലത്ത് വാഹനത്തിൽ ഉറപ്പുവരുത്തേണ്ട കാര്യങ്ങൾ

1. വാഹനത്തിന്റെ ടയർ പരിശോധിക്കുക. തെന്നിക്കിടക്കുന്ന റോഡുകളിൽ ബ്രേക്ക് ചെയ്താൽ, നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്തു നിൽക്കണമെങ്കിൽ ടയർ മികച്ചതാവണം. സാമ്പത്തിക ബാധ്യത മൂലം മാസങ്ങളായി മാറ്റാൻ പറ്റാത്ത ടയറുകളുമായി അപകടം ക്ഷണിച്ചു വരുത്തരുത്.

2∙ വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക. ബ്രേക്ക് ലൈനറുകൾ മാറാനുണ്ടെങ്കിൽ മാറ്റിയിടുക. മഴക്കാലത്ത് മുന്നിലെയും പിന്നിലെയും ബ്രേക്ക് ഒരുമിച്ചു പ്രയോഗിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. വാഹനം ‘സ്കിഡ്’ ചെയ്യുന്നത് ഒരു പരിധി വരെ ഇതിലൂടെ നിയന്ത്രിക്കാം.

3. ഹെഡ് ലൈറ്റ് പരിശോധിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റ് ഒരു കാരണവശാലും ഉപയോഗിക്കരുത്. എതിർവശത്തെ വാഹനത്തിന്റെ ഡ്രൈവറും റോഡ് ശരിയായി കണ്ടാൽ മാത്രമേ അപകടങ്ങൾ ഒഴിവാകുകയുള്ളൂ. ഹെഡ് ലൈറ്റ് ഇടയ്ക്കിടെ ‘ഡിപ്’ ചെയ്ത് ശ്രദ്ധ കൂട്ടുക.

4. ഇൻഡിക്കേറ്ററുകൾ കൃത്യമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ശരിയായ ബസറുകളുടെ ഉപയോഗം, ഇൻഡിക്കേറ്ററുകളുടെ ആവശ്യത്തിനുശേഷം അത് ഓഫ് ചെയ്യുവാൻ നമ്മളെ ഓർമിപ്പിക്കുന്നു.

5. രാത്രിയിൽ മറ്റ് വാഹനങ്ങൾ ശ്രദ്ധിക്കുവാനായി ടൂ വീലേഴ്സിന്റെ ബ്രേക്ക് ലാംപിലും മറ്റുമുള്ള ‘കടന്നുകയറ്റങ്ങൾ’’ ഒഴിവാക്കേണ്ടതാണ്. ലൈറ്റിൽ പ്രതിഫലിക്കുന്ന റിഫ്ലക്ടീവ് സ്റ്റിക്കറുകൾ, വാഹനത്തിന്റെ പിറകുവശത്തും ഹെൽമറ്റിന്റെ പിറകിലും മറ്റും ഒട്ടിച്ച് സുരക്ഷ വർധിപ്പിക്കാവുന്നതാണ്.

മുകളിൽ‌ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചും പ്രത്യേകിച്ച് മഴക്കാലത്ത് യാത്ര ചെയ്യാനുദ്ദേശിക്കുന്ന സമയത്തിനു കുറച്ച് മുൻപേ യാത്ര ആരംഭിച്ചും കനത്ത മഴയിൽ ടൂ വീലർ യാത്ര നിർത്തിവച്ചും രാത്രിയിലെ ടൂ വീലർ യാത്രകൾ പരമാവധി ഒഴിവാക്കിയും മഴക്കാല അപകടങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാം.

Previous Post Next Post