തിരുവനന്തപുരം :- സ്കൂൾ സമയമാറ്റ വിഷയത്തിൽ സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും. എന്നാൽ ഇത് സമയമാറ്റമെന്ന തീരുമാനത്തിൽ മാറ്റം വരുത്താനല്ല, മറിച്ച് കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി വ്യക്തമാക്കി. സമസ്ത ഉൾപ്പെടെ പരാതിയുള്ള എല്ലാ വിഭാഗങ്ങളെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാദപൂജ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. പാദപൂജ നടത്തിയാൽ സ്കൂളുകൾക്ക് നിയമപരമായി മുന്നോട്ട് പോകാൻ കഴിയില്ല. എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ നടപടിയെടുക്കുന്നതിൽ സർക്കാരിന് ചില പരിമിതികളുണ്ട്. ഈ വിഷയത്തിൽ സർക്കാർ ഏതറ്റം വരെയും പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.