കൂട്ടിൽ ഭദ്രമായി സൂക്ഷിച്ചു, കാക്ക കൊത്തിക്കൊണ്ടുപോയ സ്വര്‍ണവള മൂന്ന് വർഷത്തിനുശേഷം ഉടമയ്ക്ക് തിരിച്ചുകിട്ടി


മലപ്പുറം :- മൂന്ന് വര്‍ഷം മുമ്പ് കാക്ക കൊത്തിക്കൊണ്ടുപോയ സ്വര്‍ണ വള ഒടുവിൽ ഉടമയ്ക്ക് തിരിച്ചുകിട്ടി. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട്ടാണ് ഏറെ രസകരവും നന്മയും നിറഞ്ഞ ഈ സംഭവം നടക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളിയും മരവെട്ടുകാരനുമായ തൃക്കലങ്ങോട്ടെ അൻവര്‍ സാദത്തിനാണ് കാക്ക കൊത്തിക്കൊണ്ടുപോയി നിധിപോലെ സൂക്ഷിച്ച സ്വര്‍ണ വള തികച്ചും അപ്രതീക്ഷിതമായി ലഭിക്കുന്നത്. 

ആ സംഭവം വിവരിക്കുമ്പോല്‍ അൻവര്‍ സാദത്തിനും തികഞ്ഞ സന്തോഷം. മരത്തിൽ കയറി മാങ്ങ പറിക്കുന്നതിനിടെ താഴേക്ക് എന്തോ വീഴുകയായിരുന്നുവെന്ന് അൻവര്‍ സാദത്ത് പറഞ്ഞു. താഴെ മാങ്ങ പെറുക്കാൻ മകള്‍ നിൽക്കുന്നുണ്ടായിരുന്നു. മരത്തിൽ നിന്ന് ഇറങ്ങി വന്നപ്പോള്‍ മകളാണ് സ്വര്‍ണ വള കാണിക്കുന്നത്. മാവിലെ ചില്ലയിലൊരുക്കിയ കൂട്ടിൽ മൂന്നു കഷ്ണങ്ങളാക്കി കാക്ക വള നിധിപോലെ സൂക്ഷിക്കുകയായിരുന്നു. 

ഇതാണ് മാങ്ങ പറിക്കുന്നതിനിടെ കൂട്ടിൽ നിന്ന് താഴേക്ക് വീണതെന്ന് പിന്നീട് മനസിലായി. തുടര്‍ന്ന് വീട്ടിൽ കൊണ്ടുപോയി ഭാര്യയെ കാണിച്ചപ്പോള്‍ സ്വര്‍ണം തന്നെയാണെന്ന് പറഞ്ഞു. അയൽപ്പക്കത്തെ സ്ത്രീകളെയും കാണിച്ചു. പിന്നീട് ജ്വല്ലറിയിൽ കൊണ്ടുപോയി സ്വര്‍ണം തന്നെയാണെന്ന് ഉറപ്പിച്ചു. പ്രദേശത്തുള്ള ഏതെങ്കിലും വീടുകളിലുള്ളവരുടെതാകുമെന്ന് കരുതിയതിനാൽ ഉടമയെ കണ്ടെത്താൻ തന്നെ തീരുമാനിച്ചു. 

 തുടര്‍ന്നാണ് പ്രദേശത്തെ ജനകീയ വായശാലയിലെ ഭാരവാഹിയായ ബാബുരാജിന് വള കൈമാറിയതെന്ന് അൻവര്‍ സാദത്ത് പറഞ്ഞു. വായന ശാലയുടെ നോട്ടീസ് ബോര്‍ഡിൽ വള ലഭിച്ച വിവരം അറിയിച്ച് നോട്ടീസ് പതിച്ചിരുന്നുവെന്നും ഇത് കണ്ടയൊരാല്‍ മുമ്പ് വള നഷ്ടമായിരുന്ന വീട്ടുകാരെ അറിയിക്കുകയായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു. 

തൃക്കലങ്ങോട്ടെ ഹരിതയെന്ന യുവതിയുടെ വളയാണ് കാക്ക കൊത്തികൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞു. ഉടമ അവര്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാൻ കല്യാണ്‍ ജ്വല്ലേഴ്സിൽ നിന്ന് പഴയ ബില്‍ അടക്കം അവര്‍ കൊണ്ടുവന്നു. ഇതോടൊപ്പം ആൽബത്തിൽ നിന്നുള്ള വളയുടെ ഫോട്ടോയും കാണിച്ചു. തുടര്‍ന്ന് ഹരിതക്ക് സ്വര്‍ണ വള കൈമാറുകയായിരുന്നുവെന്നും ബാബു രാജ് പറഞ്ഞു.

വള എങ്ങനെയാണ് നഷ്ടമായതെന്നതിന്‍റെ കഥയും ഹരിത പങ്കുവെച്ചു. വീടിന് പുറത്തുള്ള അലക്കു കല്ലിൽ തുണി അലക്കുന്നതിനിടെ വള ബക്കറ്റിന് സമീപം ഊരിവെക്കുകയായിരുന്നുവെന്ന് ഹരിത പറഞ്ഞു. ഇതിനിടയിൽ കുഞ്ഞു കരഞ്ഞതോടെ നോക്കാൻ പോയി. അകത്താണെങ്കിലും ഊരി വെച്ച വള കാണാൻ കഴിഞ്ഞിരുന്നു. ഇതിനിടയിൽ കാക്ക വള കൊത്തിപോകുന്നത് കണ്ടു. ഉടനെ ഓടിപ്പോയി. എന്നാൽ, ഓട്ടത്തിനിടയിൽ വീണു. 

കാക്ക അപ്പോഴേക്കും വളയുമായി പറന്നകന്നിരുന്നു. സമീപത്തെ പറമ്പിലും മറ്റും കുറെ തെരഞ്ഞെങ്കിലും വള കിട്ടിയില്ലെന്നും നഷ്ടമായതെന്നാണ് കരുതിയതെന്നും ഹരിത പറഞ്ഞു. മൂന്നു വര്‍ഷവും അഞ്ചുമാസവും മുമ്പാണ് വള നഷ്ടമായത്. വള കിട്ടില്ലെന്ന് തന്നെയാണ് പ്രതീക്ഷച്ചതെന്നും ഇപ്പോള്‍ അപ്രതീക്ഷിതമായി വള കിട്ടിയപ്പോള്‍ വളരെ സന്തോഷമായെന്നും ഹരിത പറഞ്ഞു. മൂന്നുവര്‍ഷവും അഞ്ചുമാസവും കൂട്ടിൽ വള നിധിപോലെ സൂക്ഷിച്ച കാക്കയിപ്പോള്‍ വള അന്വേഷിച്ചു നടക്കുന്നുണ്ടാകുമെങ്കിലും ഹരിതയും നാട്ടുകാരും അൻവര്‍ സാദത്തുമെല്ലാം ഡബിള്‍ ഹാപ്പിയാണ്.


 



Previous Post Next Post