കമ്പിലിൽ നിർമാണത്തിലുള്ള മൂന്ന് വില്ലകൾ തകർന്നു; ജാഗ്രത നിർദേശം നൽകി വില്ലേജ് ഓഫീസ് അധികൃതർ

 

കമ്പിൽ :- കനത്ത മഴയിൽ പാട്ടയം എൽ.പി സ്‌കൂളിന് സമീപത്തെ വില്ലകൾ തകർന്ന് വീണു. പാട്ടയം എൽപി സ്‌കൂളിനു സമീപത്തെ മാളാട്ടിൽ റോഡിൻ്റെ ഇരുവശത്തുമുളള മൂന്ന് ഇരുനില വില്ലകളാണ് തകർന്ന് വീണത്. കമ്പിൽ സ്വദേശി  കാതറിൻ്റെ ഉടമസ്ഥതയിലുള്ള 10 വില്ലകളിൽ മൂന്നെണ്ണമാണ് പൂർണമായും തകർന്നു വീണത്. അഞ്ചുവർഷം മുമ്പ് നിർമാണം തുടങ്ങിയ കെട്ടിടങ്ങളാണിത്.

രണ്ടാം നിലയിൽ ചെങ്കല്ലു കൊണ്ട് കെട്ടിയുയർത്തിയ ചുമരുകൾ കഴിഞ്ഞ മാസം തകർന്നു തുടങ്ങിയിരുന്നു. രണ്ടുദിവസം മുമ്പാണ് കോൺക്രീറ്റ് സ്ലാബുകളും ബീമുകളും ഉൾപ്പെടെ നിലംപതിക്കാൻ തുടങ്ങിയത്. അപകട ഭീഷണിയായതോടെ ഇതിലൂടെയുള്ള ഗതാഗതം നാട്ടുകാർ നിയന്ത്രിച്ചിരുന്നു. സമീപത്തുള്ള കെ.കരീമിന്റെ വീടിന് അപായമുണ്ടാകാനിടയുള്ളതായി പരാതി നൽകിയിട്ടുണ്ട്. 

കൊളച്ചേരി വില്ലേജ് ഓഫീസർ കെ.സി മഹേഷ് സംഭവസ്ഥലം സന്ദർശിച്ച് അടിയന്തര നടപടികൾക്ക് നിർദേശം നൽകി. ബാക്കിയുള്ള കെട്ടിടങ്ങളും തകർന്നുവീഴാനിടയുണ്ടെന്നും ഇത് തൊട്ടടുത്ത വീടുകളില്‍ താമസിക്കുന്ന കുടുബങ്ങള്‍ക്ക് ഭീഷണിയാണെന്നും സംഭവസ്ഥലത്ത് ആരും പോകാൻ പാടില്ലെന്നും കൊളച്ചേരി വില്ലേജ് ഓഫീസര്‍ അറിയിച്ചു.




Previous Post Next Post