മെഡിസെപ്പ് ഗുണഭോക്താക്കൾക്ക് പരാതികൾ അറിയിക്കാൻ നേരിട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിക്കാം


കൊച്ചി :- ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് കമ്പനിയുടെ ആഭ്യന്തര പരാതിപരിഹാര സംവിധാനം ഉപയോഗിക്കാതെ നേരിട്ട് തങ്ങളെ സമീപിക്കാൻ അവകാശമുണ്ടെന്ന് സംസ്ഥാന ഉപഭോക്ത്യ തർക്ക പരിഹാര കമ്മിഷൻ. മെഡിസെപ്പുമായി ബന്ധപ്പെട്ട പരാതി ത്രിതല പരാതി പരിഹാര സംവിധാനത്തിൽ പരിഹരിക്കാനായില്ലെങ്കിൽ മാത്രമേ കോടതിയെ സമീപിക്കാൻ സാധിക്കൂ എന്ന നിബന്ധന ഉപഭോക്ത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് ജില്ലാ കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് ഇൻഷുറൻസ് കമ്പനി അപ്പീൽ നൽകിയത്.

മെഡിസെപ്പ് പ്രകാരം ഇൻഷുറൻസ് ക്ലെയിം ലഭിച്ചില്ലെന്ന് കാണിച്ച് റിട്ട. ഹെഡ്മ്‌മാസ്റ്ററായ സി.ഡി ജോയി എറണാകുളം ജില്ലാ കമ്മിഷന് പരാതി നൽകിയിരുന്നു. ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിൽ പോകാതെ നേരിട്ട് ഉപഭോക്ത്യ കമ്മിഷനെ സമീപിക്കാനാവില്ലെന്ന് ഇൻഷുറൻസ് കമ്പനി വാദം ഉയർത്തി. ഇത് നിരാകരിച്ച ജില്ലാ കമ്മിഷന്റെ ഉത്തരവ് ശരിവെച്ചു കൊണ്ടാണ് സംസ്ഥാന കമ്മിഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി.സുധീന്ദ്ര കുമാർ, ജുഡീഷ്യൽ അംഗം ഡി.അജിത് കുമാർ എന്നിവരുടെ ബെഞ്ച് ഉത്തരവ് നൽകിയത്.

Previous Post Next Post