ന്യൂഡൽഹി :- കണ്ണൂർ വിമാനത്താവളം കാർഗോ ഹബ്ബാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ ചരക്കുനീക്കത്തിന് ഏർപ്പെടുത്തിയിരുന്ന കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് (സിസിആർസി) ഒഴിവാക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ അനുമതി. കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ഈയിടെ കേന്ദ്ര ധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചുകൊണ്ട് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയുടെ കത്ത് ലഭിച്ചെന്ന് സംസ്ഥാനസർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ കെ.വി തോമസ് അറിയിച്ചു. ഇക്കാര്യത്തിൽ വ്യോമയാനവകുപ്പുമായി ചർച്ചചെയ്ത് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റിക്ക് ആവശ്യമായ നടപടിയെടുക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
വിമാനത്താവളത്തിലെ കസ്റ്റംസ് സേവനത്തിനുള്ള നിരക്കാണ് സിസിആർസിയായി ഈടാക്കുന്നത്. സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി കെ.വി തോമസ് കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര വിമാനങ്ങൾക്ക് കണ്ണൂരിൽ ഇറങ്ങാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ ചേരുന്ന കേന്ദ്രമന്ത്രിസഭാ ഉപസമിതി യോഗത്തിൽ കണ്ണൂർ വിമാനത്താവളം അന്തർദേശീയ വിമാനത്താവളമാക്കുന്നതിൽ തീരുമാനമാകുമെന്ന് മന്ത്രി അറിയിച്ചെന്നും കെ.വി തോമസ് പറഞ്ഞു. എയിംസ് അനുവദിക്കുക, വയനാട് ദുരന്ത സഹായം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.