കണ്ണൂർ :- ഓണം ആഘോഷമാക്കാൻ കുടുംബശ്രീ ഓൺലൈൻ ഉത്പന്ന വിപണന സംവിധാനമായ പോക്കറ്റ് മാർട്ട് ഒരുങ്ങുന്നു. വിരൽത്തുമ്പിലൂടെ കുടുംബശ്രീ സേവനങ്ങളും ഉത്പന്നങ്ങളും വീട്ടുപടിക്കലെത്തും. ചിപ്സ്, ശർക്കരവ രട്ടി, പായസം മിക്സ്, സാമ്പാർ മസാല, മുളകുപൊടി, മല്ലിപ്പൊടി, വെജ് മസാല, മഞ്ഞൾപ്പൊടി എന്നിവയടങ്ങിയ 5000 കിറ്റുകളുമായാണ് പോക്കറ്റ്മാർട്ട് എത്തുന്നത്. കുടുംബശ്രീ കണ്ണൂർ, തൃശ്ശൂർ കൺസോർഷ്യങ്ങൾ ചേർന്നാണ് ഇവ നൽകുന്നത്.
എല്ലാ ജില്ലയിലെയും ആവശ്യക്കാർക്ക് പോക്കറ്റ്മാർട്ട് വഴി വാങ്ങാം. പോക്കറ്റ് മാർട്ടിലെ ക്വിക്ക് സേർവ് സോഫ്റ്റ്വേറിലേക്ക് സേവനങ്ങളും മറ്റ് വിവരങ്ങളും ചേർക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ആവശ്യമുള്ള സേവനം, സ്ഥലം, സമയം എന്നിവ തിരഞ്ഞെടുക്കാനും വിലനിലവാരം അറിയാനും ആപ്പിലൂടെ സാധിക്കും. നിലവിൽ ഓൺലൈനായല്ലാതെ പോക്കറ്റ് മാർട്ട് പ്രവർത്തിക്കുന്നുണ്ട്. പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി സംരംഭകർക്ക് പരിശീലനം നൽകിയിട്ടുണ്ട്.