കൊച്ചി :- സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ കുറവു വരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. കൊച്ചിയിൽ വ്യവസായികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അമിതലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിലേക്ക് എത്തിക്കാമെന്ന് വ്യവസായികൾ ഉറപ്പുനൽകി. അറുപതോളം വ്യവസായികളാണ് ചർച്ചയിൽ പങ്കെടുത്തത്. നിലവിൽ ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ടെൻഡറിൽ വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കും. ഇതുവഴി വിപണിയിലെ വില കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സപ്ലൈകോയിൽ നിന്നുള്ള വെളിച്ചെണ്ണയുടെ വില കുറയുന്നതിനനുസരിച്ച് വിപണിയിലാകെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സപ്ലൈകോയ്ക്ക് കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ നൽകുന്ന വ്യവസായികൾക്ക് 15 ദിവസത്തിനകം തുക നൽകുമെന്ന് ചർച്ചയിൽ ഉറപ്പുനൽകി. മായം ചേർത്ത എണ്ണ വിപണിയിലെത്തുന്നതിൽ പരിശോധനകൾ ശക്തമാക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വെളിച്ചെണ്ണയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കും. കേരഫെഡ് ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായി ചർച്ച നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.