പാലക്കാട് :- ബസ് അടക്കം 13 സീറ്റിന് മുകളിൽ സീറ്റുകൾ ഉള്ള എല്ലാ പാസഞ്ചർ വാഹനങ്ങളുടെയും റജിസ്ട്രേഷന് ബോഡി നിർമാണത്തിൽ കർശനമായ സുരക്ഷാ വ്യവസ്ഥകൾ സെപ്റ്റംബർ ഒന്നു മുതൽ നടപ്പാക്കാൻ മോട്ടർ വാഹനവകുപ്പ്. വാഹനങ്ങളുടെ ബോഡി നിർമിക്കുന്ന സ്ഥാപനങ്ങൾ ഓരോ മോഡലിനും കേന്ദ്ര മോട്ടർ വാഹനനിയമം അധികാരപ്പെടുത്തിയ ടെസ്റ്റിങ് ഏജൻസിയുടെ അംഗീകാരം നേടണം. അംഗീകാരം നേടാത്ത മോഡൽ പ്രകാരമാണു ബോഡി നിർമിച്ചതെങ്കിൽ വാഹന റജിസ്ട്രേഷൻ അനുവദിക്കുകയില്ല. യാത്രക്കാരുടെ സുര ക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്ന ഒട്ടേറെ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന തരത്തിലാണ് ബസ് ബോഡി കോഡ്.
നിലവിൽ ബോഡി ബിൽഡർ നൽകുന്ന ഫോം 22 ബി ഹാജരാക്കി റജിസ്ട്രേഷൻ നടത്താമായിരുന്നു. എന്നാൽ ഓരോ വാഹനത്തിന്റെയും ബോഡി ഡിസൈനി ന് ബോഡി നിർമിക്കുന്ന സ്ഥാപനം ഓട്ടമോട്ടീവ് റിസർച് അസോ സിയേഷൻ ഓഫ് ഇന്ത്യ. ഇന്റർ നാഷനൽ സെൻ്റർ ഫോർ ഓട്ടമോട്ടീവ് ടെക്നോളജി പോലെയുള്ള സ്ഥാപനങ്ങളുടെ അംഗീകാരം വേണമെന്നാണു പുതിയ മാനദണ്ഡം. അതേസമയം, നിലവിൽ ബോഡി നിർമാണം നടത്തുന്ന വാഹനങ്ങൾ ഈ മാസം 31 ന് മുൻപ് മോട്ടർവാഹന വകുപ്പിന് ഹാജരാക്കിയാൽ ഇപ്പോഴത്തെ മാനദണ്ഡം അനുസരിച്ച് റജിസ്ട്രേഷൻ നടത്താം.